കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയണ്മെന്റൽ എൻജിനീയർ എ.എം. ഹാരിസ് (51)വിജിലൻസിന്റെ പിടിയിലായതോടെ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ.
ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ഇയാൾ കൈക്കൂലി വാങ്ങി സന്പാദിച്ചത് ലക്ഷക്കണക്കിനു രൂപ. ഇയാളുടെ ആലുവയിലെ ഫ്ളാറ്റിൽ റെയ്ഡ് നടത്തി വിജിലൻസ് സംഘം കണ്ടെത്തിയതു 17 ലക്ഷം രൂപയാണ്.
വൻനിക്ഷേപത്തിന്റെ വിവരങ്ങളും പുറത്തുവന്നു. 80 ലക്ഷം രൂപ മൂല്യം വരുന്ന ഫ്ളാറ്റിലാണു താമസിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ 18 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.
തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. ഇയാളുടെ വ്യക്തി ജീവിതം പരമരഹസ്യമായിരുന്നു.
ഓഫീസിൽ പേരുദോഷം കേൾപ്പിച്ചിട്ടുമില്ല. കൈക്കൂലി മറ്റാരും അറിയാതെ ആവശ്യപ്പെടുകയായിരുന്നു ഇയാളുടെ രീതി.
പിടിയിലായതു തന്ത്രപരമായ നീക്കത്തിൽ
പരാതിക്കാരന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലായിരുന്നു എ.എം. ഹാരീസ് വിജിലൻസ് പിടിയിലായത്.
ഹാരിസ് കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി അതുമായാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
പാലായ്ക്കുസമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീട്രെഡിംഗ് കന്പനിയുടെ കാലാവധി അവസാനിച്ച നോണ്‍ പൊലൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടാണു കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ടു മാസം മുന്‍പ് വ്യവസായമന്ത്രി പി. രാജീവ് കോട്ടയത്ത് നടത്തിയ അദാലത്തിൽ കന്പനിയുടമ പരാതി നേരിട്ട് നല്‍കിയിരുന്നു.
അപേക്ഷ പരിശോധിച്ചശേഷം നോണ്‍ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.
നടപടികൾ ഉണ്ടാകാതെ വന്നതോടെ ഉടമ കഴിഞ്ഞ 10നു മലിനീകരണ നിയന്ത്രണ ബോർഡിലെത്തി എ.എം. ഹാരിസിനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്നു ഫോണിൽ വിളിച്ചപ്പോൾ 13ന് ഓഫീസിൽ നേരിട്ട് എത്താൻ നിർദേശിക്കുകയായിരുന്നു. 13ന് എത്തി നോണ്‍ പൊലൂഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സംസാരിക്കുന്പോഴാണ് 25,000 രൂപ ഹാരിസ് നല്കാൻ ആവശ്യപ്പെട്ടത്.
ബുധനാഴ്ച തന്നെ പണം എത്തിക്കണമെന്നും ഹാരീസ് നിർബന്ധം പിടിച്ചു. ഇതോടെയാണ് വിജിലൻസിനു പരാതി നല്‍കിയത്.
കുക്കറിലും അരിപ്പാത്രത്തിലും പണം
കൈക്കൂലിയായി ലഭിച്ച പണം ഹാരീസ് സൂക്ഷിച്ചിരുന്നതു പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ കാബിനിലുമായിരുന്നു.
കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു ചോദിച്ചപ്പോൾ തന്റെ കൈയിൽ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി.
അക്കൗണ്ടുകളും വീടും ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റുമെല്ലാം പരിശോധിക്കുമെന്ന വിജിലൻസ് സംഘത്തിന്റെ വിരട്ടലിലാണ് ഇയാൾ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഹാരിസുമായി എത്തിയ വിജിലൻസ് സംഘം ഇയാളുടെ ഫ്ളാറ്റിൽ ഒരു മേശയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു.
കുക്കറിലും അരിപ്പാത്രത്തിലും സൂക്ഷിച്ചിരുന്ന പണവും കണ്ടെടുത്തു. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു.
കൃത്യമായ കണക്കും ഇയാൾക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോൾ കൃത്യമായിരുന്നു. നോട്ടണ്ണെൽ മെഷീൻ എത്തിച്ചാണു പണം എണ്ണി തിട്ടപ്പെടുത്തിയത്.
സിനിമാക്കഥകളെ വെല്ലും ജീവിതം!
സിനിമാ കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ഹാരീസിന്റേത്. കൈക്കൂലി വാങ്ങുന്ന പണം ഉപയോഗിച്ച് വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ ജീവിതം അടിച്ചു പൊളിക്കുകയുമാണ് ഹാരീസിന്റെ രീതി.
അവിവാഹിതനായ ഇയാൾ വിദേശ യാത്രയിലെ സ്വകാര്യ ദൃശ്യങ്ങൾ സ്റ്റിൽ ഫോട്ടോയായും വീഡിയോയായും ഫോണിൽ സൂക്ഷിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.