നെടുങ്കണ്ടം: അറിവിന്റെ അക്ഷരവെളിച്ചവും നുകര്‍ന്ന് 110-ാം വയസില്‍ കമലക്കണ്ണിയമ്മ യാത്രയായി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും പാട്ടും നൃത്തവുമൊക്കെയായി എപ്പോഴും സജീവമായിരുന്ന ഈ കര്‍ഷകത്തൊഴിലാളി ഇന്നലെ വിടപറഞ്ഞു.
108-ാം വയസില്‍ സാക്ഷരത നേടി വണ്ടന്മേട് സ്വദേശിയായ കമലക്കണ്ണിയമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചു. സിനിമാക്കഥപോലെ സംഭവബഹുലമായിരുന്നു കമലക്കണ്ണിയമ്മയുടെ ജീവിതം.
അച്ഛന് വേട്ടയ്യന് കങ്കാണിക്കൊപ്പം തമിഴ്നാട്ടിലെ കമ്പത്തുനിന്ന് 15 -ാം വയസിലാണ് ഇടുക്കിയിലെത്തി താമസം ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇത്. തേയിലക്കൊ ളുന്ത് നുള്ളുന്ന ജോലിയായിരുന്നു ആദ്യം. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള നിരവധി തോട്ടങ്ങളില്‍ ജോലി ചെയ്തു. അച്ഛന് റിട്ടയര്‍ ആയതോടെ ഭര്‍ത്താവ് ശങ്കറിനൊപ്പം ഏലത്തോട്ടങ്ങളില്‍ ജോലിക്ക് പോയിത്തുടങ്ങി.
ഇടുക്കിയിലെ സാധാരണ തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചായിരുന്നു കമലക്കണ്ണിയമ്മയുടേയും ജീവിതം. നാടന്‍ പാട്ടുകളും തനത് നൃത്ത ശൈലികളുമൊക്കെയായി ജീവിതം എപ്പോഴും ആഘോഷമാക്കാന്‍ ഈ അമ്മ ശ്രമിച്ചിരുന്നു.
സ്വന്തം പേരെങ്കിലും എഴുതാന്‍ സാധിക്കണമെന്ന അതിയായ ആഗ്രഹമാണ് 108 -ാം വയസില്‍ സാക്ഷരതാ ക്ലാസിലേക്ക് ഇവരെ എത്തിച്ചത്. കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ പിഎല്‍എ പദ്ധതയിലൂടെയാണ് അക്ഷരാഭ്യാസം നേടിയത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പഠിതാവായിരുന്നു ഇവര്‍.
കൃത്യമായ ജീവിതചര്യകള്‍ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു കമലക്കണ്ണിയമ്മ. ഭക്ഷണ ക്രമത്തിലും ദൈനംദിന പ്രവൃത്തികളിലും കൃത്യത പുലര്‍ത്തിയിരുന്നു. രാവിലെ അരലിറ്റര്‍ വെള്ളം, പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് തേനില്‍ ചാലിച്ച കിഴങ്ങുവര്‍ഗത്തില്‍പെട്ട ഭക്ഷണം.
എട്ടു മണിക്കു മുമ്പ് പ്രഭാതഭക്ഷണം ഇങ്ങനെയായിരുന്നു ഭക്ഷണ ക്രമം. പച്ചക്കറികളില്‍ ചീരയായിരുന്നു ഏറെ ഇഷ്ടം. വാര്‍ധക്യത്തിന്റെ അവശതകളല്ലാതെ കാര്യമായ അസുഖങ്ങളൊന്നും ബാധിക്കാതിരുന്നത് ചിട്ടയായ ജീവിത ക്രമം മൂലമായിരുന്നു.
ഭര്‍ത്താവിന്റെ മരണശേഷം വണ്ടന്മേട് ഇഞ്ചപ്പടപ്പില്‍ ഇളയ മകന് ചെല്ലദുരൈക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ചിന്നത്തായി, രാജ് എന്നിവരാണ് മറ്റു മക്കള്‍.
അക്ഷരങ്ങളെയും പാട്ടിനെയും നൃത്തത്തെയും അളവറ്റ് സ്നേഹിച്ചിരുന്ന ഈ തോട്ടം തൊഴിലാളി മടങ്ങുന്നത് തന്റെ കൊച്ചു ജീവതത്തിലെ വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചശേഷമാണ്. ഒപ്പം നാടിന് ഒരു മാതൃക സമ്മാനിച്ചും.