കണ്ണൂർ: പുലർച്ചെ രണ്ടോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’- കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. മരിച്ചോ എന്നറിയില്ല.
ശരീരത്തിനു മുകളിൽ മണ്ണ് വീണു കിടന്നു. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു..അയൽവാസികൾ പറഞ്ഞു.ആരെയും നടക്കുന്ന കാഴ്ച്ചയാണ് ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്.
സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണപുരം പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയത്. പ്രദേശം മുഴുവൻ ഇപ്പോൾ പോലീസ് നിയന്ത്രണത്തിലാണ്.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയും പുലർച്ചെ മുതൽ തുടങ്ങി.
കണ്ണപുരം, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരും നാട്ടുകാരും ചേർന്നാണ് പൊള്ളലേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.