നിലമ്പൂർ വനത്തിൽ തേക്ക് തോട്ടം നട്ടുവളർത്തിയ കനോലി സായ്പിന്റെ ഓർമകൾക്ക് ഇന്ന് 170 വയസ്. നിലമ്പൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം. 1840കളിൽ ബോംബെ കപ്പൽ നിർമാണശാലയിൽ തേക്ക് തടിക്ക് ക്ഷാമം നേരിട്ടു. കപ്പൽ നിർമാണത്തിന് ഒഴിച്ചുകൂടാനാവാത്ത തടിയാണ് തേക്ക്. ബോംബെ ഗവർണറുടെ കത്തുകൾ ബ്രിട്ടീഷ് മലബാർ കളക്ടർ എച്ച്.വി. കനോലിയെത്തേടി തുരുതുരാ വന്നുകൊണ്ടിരുന്നു. തേക്ക് നട്ടുവളർത്താൻതന്നെ കനോലി തീരുമാനിച്ചു. അങ്ങനെ ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്റെ ചരിത്രം പിറവികൊണ്ടു.
കനോലി തോട്ടത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ നിലമ്പൂർ കാടുകൾ തേക്കിന് ഒന്നാന്തരം വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിഞ്ഞു. കരിപ്പുഴ, പൊൻപുഴ, ചാലിയാർ എന്നീ നദികൾ സംഗമിക്കുന്നിടത്ത് സ്ഥലം കണ്ടെത്തി. അപ്പോഴാണ് മറ്റൊരു പ്രശ്നം പൊന്തിവന്നത്. ഈ ഭൂമിയുടെ ഭൂരിപക്ഷവും തൃക്കാളൂർ ദേവസ്വത്തിന്റേതാണ്. ദേവസ്വം ആണെകിൽ കടബാധ്യതകൊണ്ട് നട്ടംതിരിയുന്ന സമയം. കടം വീട്ടാൻ കനോലി സഹായിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ആ ഭൂമി തേക്ക് നടുന്നതിനായി പാട്ടത്തിനുമെടുത്തു.
സബ്കൺസർവേറ്ററും തദ്ദേശീയനുമായ ചാത്തുമേനോനെ സഹായത്തിനായി കൂട്ടി. തേക്ക് വിത്തുകൾ മുളപ്പിക്കാനുള്ള ആദ്യ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടു. ആദ്യം നട്ട വിത്തുകള്‍ മുളയ്ക്കാഞ്ഞതിൽ അദ്ദേഹം നിരാശനായില്ല. ഇംഗ്ലണ്ടില്‍ നിന്ന് വിദഗ്ധരെത്തന്നെ എത്തിച്ചു. ഈ കൂട്ടത്തില്‍ ഡോക്ടര്‍ റെഗ്സ് ബര്‍ഗ് എന്നൊരു മിടുക്കനുമുണ്ടായിരുന്നു. ഇദ്ദേഹമാണ് മണ്ണും വൈക്കോലും ചേര്‍ന്ന മിശ്രിതത്തില്‍ വെയില് ഏല്‍ക്കാത്ത സ്ഥലത്ത് മഴയുടെ ആരംഭത്തോടുകൂടി വിത്തുകള്‍ നട്ടാല്‍ ആരോഗ്യമുള്ള തൈകള്‍ ഉണ്ടാക്കാമെന്ന് കണ്ടെത്തിയത്. ചിതലുകളെ ആകർഷിക്കാനാണ് വൈക്കോല്‍. ഇവ വിത്തിന്റെ പുറത്തെ കട്ടിയുള്ള ആവരണം തിന്നുതീർക്കും.
1844ല്‍ തുടങ്ങിയ പണി 1854ലാണ് അവസാനിച്ചത്. 607 ഹെക്ടറിൽ 10 ലക്ഷം മരങ്ങളുള്ളതായിരുന്നു ആദ്യത്തെ തോട്ടം. പ്രതിവർഷം ഏകദേശം 2000 മരങ്ങളുടെ തടി കിട്ടുന്നതിനായി രൂപകൽപന ചെയ്തതാണിത്. ഇന്ന്, കനോലിയുടെ സ്മരണയ്ക്കായി സ്ഥിരമായ തേക്ക് സംരക്ഷണ സ്ഥലമാണ് കനോലിയുടെ പ്ലോട്ട് എന്നറിയപ്പെടുന്ന തേക്ക് മ്യൂസിയം. 2.3 ഹെക്ടറിലായി 117 മരങ്ങളും നിലമ്പൂർ തേക്ക് എന്ന പെരുമയും കനോലിയുടെ സ്മരണകൾ നിലനിർത്തുന്നു.
മലബാറിന്റെ സമഗ്ര വികസനത്തിൽ ശ്രദ്ധചെലുത്തിയ കാനോലി 1848ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ വിശാല ജല ഗതാഗത മാർഗം എന്ന ഉദ്ദേശ്യത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമിച്ചു കൂട്ടിയിണക്കി. ഇതാണ് കാനോലി കനാൽ. കാനോലി സായ്പിനെ ഏറനാട്ടുകാരായ ഏതാനും മതതീവ്രവാദികൾ ചേർന്ന് വെസ്റ്റ് ഹിൽ ബാരക്സിൽ വച്ച് 1855 സെപ്റ്റംബർ 11നു കൊലപ്പെടുത്തി.
മാത്യു ആന്റണി