ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്.
എന്താണ് ഋതുചര്യ
ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്.
ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം. സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം (ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ)ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്.
ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ പകർച്ചവ്യാധികളായ മലമ്പനി, കോളറ, ടൈഫോയിഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കാനും സാധ്യത കൂടുതലുള്ള മാസമാണിത്.അതിനാൽ പ്രതിരോധശേഷി കൂട്ടാനും ശരീരബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ,ശോധന ചികിത്സ എന്നിവയിലൂടെ സാധിക്കും.
കർക്കടകചികിത്സ ആർക്കെല്ലാം
ആയുർവേദപ്രകാരം ആരോഗ്യം എന്നു പറയുന്നത് ആരോഗ്യമുള്ളവരുടെ ആരോഗ്യം നിലനിർത്തുക, രോഗമുള്ളവരുടെ രോഗം ചികിത്സിച്ച് ശമനം വരുത്തുക എന്നതാണ്. അതുപ്രകാരം ഒരു മാസത്തെ കർക്കടക ചികിത്സയിലൂടെ രോഗമില്ലാത്തവർക്കും ഏതെങ്കിലും രീതിയിലുള്ള രോഗം നേരിടുന്നവർക്കും നവോന്മേഷവും രോഗപ്രതിരോധശേഷിയും നേടിയെടുക്കാം.
ചികിത്സയിലൂടെ ശരീരബലം കൂട്ടുന്നതിനും നാഡീഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നതിലൂടെ രക്തയോട്ടം വർധിപ്പിക്കുന്നതിനും, ഉന്മേഷം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിനും സാധിക്കുന്നു. മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയെല്ലാം കർക്കടക ചികിത്സയുടെ ഭാഗമായ വ്യത്യസ്ത മുറകളാണ്.
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ ഏതെന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും ശരീരപ്രകൃതിക്കും, ശരീര ബലത്തിനനുസരിച്ച് വൈദ്യ നിർദേശപ്രകാരം ചികിത്സ തെരഞ്ഞെടുക്കാം.
(തുടരും)