ബംഗളൂരു: കർണാടക കോൺഗ്രസിലെ വിഭാഗീയത രൂക്ഷമായി. സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ വിഭാഗം നേതാക്കൾ തമ്മിലുള്ള പോരടി തുടരുകയാണ്. സംസ്ഥാനത്തെ മുൻ മന്ത്രി കെ.എൻ. രാജണ്ണ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തയാറാണെന്ന് കോൺഗ്രസ് എംഎൽഎ എച്ച്.സി. ബാലകൃഷ്ണയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരോപണ-പ്രത്യാരോപണങ്ങൾക്കു വഴിവച്ചത്.
രാഹുൽ ഗാന്ധിയുടെ “വോട്ട് മോഷണം’ ആരോപണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളെത്തുടർന്ന് സംസ്ഥാനസഹകരണ മന്ത്രിയായിരുന്ന രാജണ്ണയെ കഴിഞ്ഞമാസം സ്ഥാനത്തുനിന്നു നീക്കിയിരുന്നു. വ്യാജ വോട്ടർമാരെ വൻതോതിൽ അവതരിപ്പിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി കൈകോർക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരേ മുൻ മന്ത്രിയുടെ മകനും നിയമസഭാ കൗൺസിൽ അംഗവുമായ രാജേന്ദ്ര രാജണ്ണ ഇന്നലെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന തന്റെ പിതാവിനെതിരേ ശിവകുമാർ ഗൂഢാലോചന നടത്തിയെന്ന് രാജേന്ദ്ര ആരോപിച്ചു. തന്റെ പിതാവിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം അവസാനം വരെ പാർട്ടിയിൽ തുടരുമെന്നും രാജണ്ണ കോൺഗ്രസ് വിടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും രാജേന്ദ്ര പറഞ്ഞു.
രാജണ്ണ നിയമസഭയിൽ ആർഎസ്എസ് ഗാനം ആലപിച്ചിട്ടില്ല, കുട്ടിക്കാലത്തോ യൗവനത്തിലോ അദ്ദേഹം ഒരിക്കലും ആർഎസ്എസ് ശാഖകളിൽ പോയിട്ടില്ല. രാജണ്ണയ്ക്ക് അദ്ദേഹത്തിന്റേതായ പ്രത്യയശാസ്ത്രമുണ്ടെന്നും ഡി.കെ. ശിവകുമാറിനെ പരിഹസിച്ചുകൊണ്ട് രാജേന്ദ്ര പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതുമുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി തുടക്കത്തിൽ പരസ്പരം മത്സരിച്ചിരുന്ന ഇരുവരും അടുത്തിടെ മന്ത്രിസഭാവികസനം, വകുപ്പുകൾ, ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നിയമനങ്ങൾ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഏറ്റുമുട്ടിയിരുന്നു.