കറുകച്ചാല്‍: ഓണത്തിരക്കിൽ ആകെ കുരുങ്ങിയ കറുകച്ചാൽ ടൗണിൽ പോലീസ് എത്താതിരുന്നതോടെ ഗതാഗതം നിയന്ത്രിച്ചു വാർത്തകളിൽ നിറഞ്ഞ അജ്ഞാത യുവാവ് ചന്പക്കര സ്വദേശി സുരേഷ് ആണെന്നു തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസമാണ് കറുകച്ചാൽ ടൗൺ വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞത്. വ്യാപാരികളും നാട്ടുകാരും പോലീസിനെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ വഴിയാത്രക്കാരനായി കടന്നുപോയ സുരേഷ് ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.
ഷര്‍ട്ടും കൈലിയും ധരിച്ച് മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ച അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. സുരേഷിന്റെ മാതൃകാപരമായ പ്രവൃത്തിയില്‍ നാട്ടുകാര്‍ അഭിനന്ദിക്കുകയും നോട്ടുമാല ചാര്‍ത്തുകയും ചെയ്തിരുന്നു.
മൂന്നു റോഡുകള്‍ വന്നു സംഗമിക്കുന്ന കറുകച്ചാല്‍ ടൗണില്‍ത്തന്നെയാണ് പോലീസ് സ്റ്റേഷനും. പോലീസ് സ്റ്റേഷനില്‍ ഓണാഘോഷമായിരുന്നെന്നും അതാണ് പോലീസുകാർ ഗതാഗതപ്രശ്നം കണ്ടില്ലെന്നു നടിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.