അമ്പലപ്പുഴ: കരുമാടിക്കുട്ടൻ മണ്ഡപം അവഗണന നേരിടുന്നതായി കരുമാടിക്കുട്ടൻ മണ്ഡപ വികസന ഉപദേശകസമിതി ആരോപിച്ചു. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ളതാണ് മണ്ഡപം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 2014-15ൽ മന്ത്രിയായിരുന്ന കെ.സി.ജോസഫ് താത്പര്യമെടുത്ത് 16 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
പൈതൃക മാതൃകയിൽ ഓട് മേഞ്ഞ സന്ദർശക വിശ്രമസ്ഥലം, കരിങ്കൽ പാകിയ നടവഴി, ഉദ്യാനം, ഇരിപ്പിടങ്ങൾ, സെക്യൂരിറ്റി കാബിൻ എന്നിവ നിർമിച്ചു. റോഡരികിലും തോടരികിലും ദിശാ ബോർഡുക ൾ സ്ഥാപിച്ചു. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം 2015 ജനുവരിയിൽ നടത്തിയിരുന്നു.
എന്നാൽ, ഇതിനുശേഷം മണ്ഡപം അവഗണയിലാണെന്ന് ഉപദേശകസമിതി ആരോപിച്ചു. കരുമാടിക്കുട്ടൻ മണ്ഡപത്തിന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പേരിൽ 10 സെന്റ് സ്ഥലം മാത്രമാണുള്ളത്. സ്ഥലപരിമിതി മണ്ഡപത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
പുരാവസ്തുവകുപ്പ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കരുമാടിക്കുട്ടൻ മണ്ഡപ വികസന ഉപദേശക സമിതി ചെയർമാൻ കരുമാടി മുരളി ആവശ്യപ്പെട്ടു.

