തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ ഇനി മുതല്‍ പോലീസ് വാഹനങ്ങളാകും. അവകാശികളില്ലാത്ത വാഹനങ്ങള്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് കണ്ടു കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശ നല്കി സംസ്ഥാന പോലീസ് മേധാവി. മുന്‍ ഡിജിപി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് ആഭ്യന്തര വകുപ്പിന് രേഖാമൂലം കത്ത് നല്‍കിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ സ്റ്റേഷനുകളെ വാഹനങ്ങളുടെ ശ്മശാന ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. പല വാഹനങ്ങളും തുരുമ്പിച്ച് നശിക്കുന്നു. ഇത്തരത്തില്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പാലിച്ച് കോടതിയുടെ അനുമതിയോടെ പോലീസിന് ഉപയോഗിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് ഡിജിപിയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതെങ്കിലും കാരണവശാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കം വന്നാല്‍ കോടതി മുഖേന ഉടമസ്ഥന് വിട്ടു നല്‍കാനും സാധിക്കുമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ.പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന നിലവിലെ വാഹനമില്ലായ്മ പരിഹരിക്കാന്‍ ഈ നിര്‍ദേശം ഗുണം ചെയ്യുമെന്നുമാണ് ഡിജിപി ഉദ്ദേശിക്കുന്നത്.
പതിനഞ്ചു മുതല്‍ ഇരുപതു വര്‍ഷം വരെ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ കണ്ടം ചെയ്യണമെന്ന നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് വകുപ്പിന് പുതിയ നിര്‍ദേശം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇത് നിയമകുരുക്കിലേക്ക് വഴിവയ്ക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്.
പ്രതിവര്‍ഷം പോലീസ് വകുപ്പിന് വാഹനങ്ങള്‍ വാങ്ങാന്‍ നല്ലൊരു തുക ചെലവ് വരുമെന്നുള്ളതിനാല്‍ അത്യാവശ്യം വേണ്ട വാഹനങ്ങളാണ് സര്‍ക്കാര്‍ വാങ്ങി നല്‍കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം. അതേ സമയം പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള ഫണ്ട് ആഭ്യന്തര വകുപ്പ് കുറച്ചതിനാല്‍ സ്റ്റേഷന് ചുമതലയുള്ള എസ്എച്ച്ഒ മാര്‍ സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് നിലവില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത്.