കൊച്ചി: കേരള പോലീസിന് ഇത് അഭിമാന നിമിഷം. രണ്ടു മില്യണ്‍ ഫോളോവേഴ്സുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോക പോലീസ് സേനകളുടെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാം സ്ഥാനത്തെത്തി. 20,00,000 ലക്ഷം ഫോളോവേഴ്സുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ യാത്ര തുടരുകയാണ്. കുറിക്കു കൊള്ളുന്ന ട്രോളുകളും നര്‍മം നിറഞ്ഞ മറുപടിയുമായി കേരള പോലീസ് എഫ്ബി പേജ് കളം നിറഞ്ഞു നില്ക്കുന്നു.
2011 ലാണ് കേരള പോലീസ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. 2018 മുതല്‍ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് പേജിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. സമകാലിക വിഷയങ്ങള്‍ പലപ്പോഴും ട്രോളുകളായി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ എത്താറുണ്ട്. ഇതിന് പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹെല്‍മറ്റ് വച്ച് വാഹനം ഓടിക്കാനും റോഡ് സുരക്ഷാ നിമയങ്ങളുമൊക്കെ ഓരോ ട്രോളുകളിലൂടെ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഈ പേജിലൂടെ എത്തിക്കാറുണ്ട്.
സര്‍ക്കാര്‍ സംവിധാനത്തിന്റെ പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിനാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രാധാന്യം നല്‍കുന്നത്. കാക്കിക്കുള്ളിലെ നര്‍മം ഏറ്റവും സരസമായ രീതിയിലാണ് ഈ പേജില്‍ അവതരിപ്പിക്കുന്നത്. ലോകത്ത് എവിടെയിരുന്നു ഏതൊരാള്‍ക്ക് ഈ ട്രോളുകള്‍ക്ക് മറുപടി അയയ്ക്കാം. വിമര്‍ശനാത്മക മറുപടിയാണെങ്കില്‍ തക്ക മറുപടിയായി പോലീസ് മാമന്മാര് എത്തും. നന്ദി പറയേണ്ടിടത്ത് നന്ദിയും ഉണ്ടാകും.
വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം നവമാധ്യമങ്ങളെ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചും വിലയിരുത്തുന്ന ഗവേഷണത്തില്‍ ഇന്ത്യയില്‍ നിന്നു കേരള പോലീസിനെയായിരുന്നു മൈക്രോ സോഫ്ട് തെരഞ്ഞെടുത്തത്.
നവമാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഫേസ്ബുക്ക് പേജില്‍ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേരള പോലീസിനെ ഇതിനായി തെരഞ്ഞെടുത്തത്. സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ സി. നിധീഷ്, ബി.ടി. അരുണ്‍, വി.എസ്. ബിമല്‍ എന്നിവരാണ് എഫ്ബി പേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
സ്വന്തം ലേഖിക