പൂച്ചാക്കൽ: പള്ളിപ്പുറത്ത് കളത്തിൽ കലുങ്കിനു സമീപത്തെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ സഹകരണ സംഘത്തിൽ കുറേ വർഷങ്ങളായി വിളയുന്നത് കശുവണ്ടിയും മുന്തിയ ഇനം വിഷമുള്ള പാമ്പും. പ്രവർത്തനം നിലച്ചിട്ട് 20 വർഷം കഴിയുന്നു.
സ്ഥാപനത്തിന്റെ മേൽക്കൂരയും നിലംപൊത്തി. ഇനി അവശേഷിക്കുന്ന കെട്ടിടത്തിന്റെ ചുവരുകൾ മാത്രം. 1982ൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പള്ളിപ്പുറത്ത് 110 അംഗങ്ങൾ ചേർന്ന് 25 സെന്റ് സ്ഥലം വാങ്ങി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ് ബോർഡിൽ അഫിലിയേറ്റ് ചെയ്യുകയും വായ്പ എടുത്ത് കെട്ടിടം നിർമിച്ച് തറിയും മുസ്ലിൻ ചർക്ക ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങി പ്രവർത്തനം ആരംഭിച്ചു.
മാറ്റം വരുത്തിയില്ല
ബോർഡിൽനിന്നു പഞ്ഞി വാങ്ങി നൂലുണ്ടാക്കി വസ്ത്രം നെയ്തെടുക്കുന്ന പ്രവർത്തനമാണ് ഇവിടെ നടന്നിരുന്നത്. രാഘവേന്ദ്ര കമ്മത്ത് മാനേജരായും കമലാക്ഷൻ പിള്ള, സി.കെ. സദാശിവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യകാല പ്രവർത്തനം മുന്നോട്ടുപോയിരുന്നത്. നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകി പ്രവർത്തിച്ചുവന്ന സംഘത്തിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കാൻ വേണ്ടി പാണാവള്ളി ഓടമ്പള്ളിയിൽ 10 സെന്റ് സ്ഥലം വാങ്ങി. എന്നാൽ, കാലാനുസൃതമായ മാറ്റം വരുത്താനോ പുരോഗമന ആശയങ്ങൾ നടപ്പിലാക്കാൻ ഖാദി ബോർഡ് തയാറാകാതെ വന്നതോടെ ഉത്പന്നങ്ങൾക്ക് വിപണി കൈയടക്കാൻ പറ്റാതെവന്നു. അതൊടെ ലക്ഷങ്ങളുടെ നഷ്ടങ്ങൾ ഉണ്ടായി. അതോടെ 20 വർഷങ്ങൾക്ക് മുമ്പ് സംഘത്തിന്റെ പ്രവർത്തനം പൂർണമായുംനിന്നു.
ഖാദി ബോർഡ്
ചേർത്തല താലൂക്കിൽ സമാനമായി പ്രവർത്തിച്ചുവന്ന തുറവൂരിലെയും ചേർത്തല സൗത്തിലെയും സംഘങ്ങൾ അടച്ചുപൂട്ടി. പള്ളിപ്പുറത്തെ സംഘത്തിന് ഖാദി ബോർഡിൽനിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ കുടിശിക നിലനിൽക്കുന്നുണ്ട്. എന്നാൽ, സംഘത്തിന് എഴുപത് ലക്ഷത്തിൽ മേൽവിലയുള്ള ഭൂമി സ്വന്തമായിട്ടുണ്ട്.
സഘം ഖാദി ബോർഡ് ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കണമെന്നാണ് നിലവിലെ അംഗങ്ങളുടെ ആവശ്യം. പരമ്പരാഗതമായ രീതിയിൽ പൂർണമായും മനുഷ്യ അധ്വാനം കൊണ്ടു മാത്രമാണ് ഖാദി സംഘങ്ങളിൽ ഉത്പാദനം നടക്കുന്നത്. എന്നാൽ, ഇത് ഉത്പാദനച്ചെലവ് കൂടുകയും ഉത്പന്നങ്ങൾക്ക് മറ്റു കമ്പനികളുമായി വിലയിൽ മത്സരിക്കാൻ കഴിയാതാവുകയും ചെയ്തു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലികൊടുക്കാൻ പറ്റാതെവന്നതോടെ തൊഴിലാളികൾ മറ്റു തൊഴിൽ തേടിപ്പോയതോടെ സംഘം തകർച്ചയ്ക്കു കാരണമായി.