പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ആരോപണമുന്നയിച്ച റിനി ആൻ ജോർജ് സിപിഎം വേദിയിൽ. പറവൂരിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെൺ പ്രതിരോധത്തിലാണ് റിനി പങ്കെടുത്തത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അടുത്തകാലത്ത് ഏറെ സൈബർ ആക്രമണത്തിനിരയായ സിപിഎം നേതാവ് കെ.ജെ. ഷൈനും പങ്കെടുത്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചെല്ലും ചെലവും കൊടുത്തു വളർത്തിയെടുത്ത കോൺഗ്രസിലെ ക്രിമിനൽസംഘത്തിന്റെ നേതൃത്വമാണു ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവുമെന്ന് കെ.കെ. ശൈലജ പറഞ്ഞു.
അധമത്വത്തിലേക്കു തരംതാണ ആ ക്രിമിനൽ സംഘം എന്തു വൃത്തികേടുകളും ആർക്കെതിരേയും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരാണ്. കേരളത്തിലെ സ്ത്രീകൾക്ക് അഭിമാനം പകർന്നു നൽകിയ ചെറുത്തുനില്പാണ് കെ.ജെ. ഷൈനിൽനിന്നും റിനി ആൻ ജോർജിൽനിന്നും ഉണ്ടായതെന്നും ശൈലജ പറഞ്ഞു.
സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നത് അസംബന്ധമെന്ന് റിനി
രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവനേതൃത്വം തരംതാണ രീതിയിലാണോ പെരുമാറേണ്ടത് എന്ന ചോദ്യമാണു താൻ സമൂഹത്തിന് മുന്നിലേക്കു വച്ചതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. എന്നാൽ ഇക്കൂട്ടരുടെ കടുത്ത സൈബർ ആക്രമണത്തിനു താൻ ഇരയായി.
സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കിയതെന്ന ചിലരുടെ വാദം അസംബന്ധമാണ്. സ്ത്രീകളോടുള്ള ഇക്കൂട്ടരുടെ മനോഭാവത്തിന് മാറ്റം വരണമെന്നും റിനി പറഞ്ഞു.