തളിപ്പറമ്പ്: രണ്ട് വീടുകളില്‍ മോഷണശ്രമം, വീട്ടുകാരന് എത്തിയപ്പോള്‍ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പന്നിയൂര്‍ ചെറുകരയില്‍ ഇന്നലെ വൈകുന്നേരം ആറിനും ഏഴരക്കും ഇടയിലായിരുന്നു മോഷണം.
തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറും കരിമ്പം സാരഥി ഓട്ടോസംഘം സെക്രട്ടറിയുമായ ചെരിച്ചില്‍ മണികണ്ഠന്റെ വീട്ടിലും തൊട്ടടുത്ത മറ്റൊരു വീട്ടിലുമാണ് കവര്‍ച്ചക്ക് ശ്രമം നടന്നത്. മണികണ്ഠന്റെ ഭാര്യയും കുടുംബാംഗങ്ങളും വൈകുന്നേരം വീടുപൂട്ടി ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തൊട്ടടുത്ത വീട്ടുകാരും സ്ഥലത്തുണ്ടായിരുന്നില്ല. അടുത്തടുത്ത് വീടുകളുള്ള പ്രദേശമായതിനാല്‍ ഇതുവരെ മോഷണങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.
സ്ഥിരം താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വീട് തുറന്ന മോഷ്ടാവ് മുറികളില്‍ കയറിയിറങ്ങി ഷെല്‍ഫുകള്‍ തുറന്ന് തുണിയും മറ്റ് സാധനങ്ങളും വാരിവലിച്ചുപുറത്തിട്ട് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ മണികണ്ഠന്റെ ഓട്ടോറിക്ഷ വരുന്ന ശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
മണികണ്ഠന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അകത്തുകയറിയപ്പോഴാണ് ഷെല്‍ഫുകള്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുണികളും മറ്റും കട്ടിലില്‍ വാരിയിട്ട നിലയിലാണ്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ച ശ്രമം നടത്തിയതായി അറിഞ്ഞത്.
കള്ളിഷര്‍ട്ടിട്ട ഒരാളെ ഫിറോസ് എന്നയാളുടെ വീട്ടുപരിസരത്ത് സംശയകരമായ നിലയില്‍ കണ്ട് ചോദിച്ചപ്പോള്‍ തത്തയെ പിടിക്കാന്‍ വന്നതാണെന്ന് പറഞ്ഞ് പെട്ടെന്ന് സ്ഥലംവിടുകയായിരുന്നു. വീട്ടിലുള്ളവര്‍ അകത്തുകയറിയപ്പോള്‍ അലമാര തുറന്നുകിടക്കുന്നതായി കണ്ടിരുന്നുവെങ്കിലും ഒന്നും നഷ്ടമായിട്ടില്ല.
മണികണ്ഠന്റെ വീട്ടില്‍ സ്വർണവും പണവുമുള്ള അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് മോഷ്ടാവ് രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ അലമാരയില്‍ നിന്നെടുത്ത റേഷന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ചില വിലപ്പെട്ട രേഖകള്‍ ഇന്ന് രാവിലെയാണ് ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍നിന്ന് ലഭിച്ചത്.
കഴിഞ്ഞ ദിവസം പന്നിയൂരിലെ പുതുക്കണ്ടത്തെ തോമസ്, മൊയ്തു, അന്ത്രുമാന് എന്നിവരുടെ വീട്ടിലും കവര്‍ച്ചക്ക് ശ്രമം നടന്നിരുന്നു. ഇതില്‍ മൊയ്തുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണമെന്ന് കരുതി മുക്കുപണ്ടം എടുത്തത് ഉരച്ചുനോക്കിയ ശേഷം മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിച്ച സംഭവവും നടന്നിരുന്നു. നാട്ടുകാര്‍ നല്കിയ സൂചനപ്രകാരം പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. മണികണ്ഠന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.