ബിനോയിയ്ക്ക് പണിയായത് ബര്‍ത്ത്‌ഡേ ആഘോഷ ചിത്രങ്ങള്‍ ! ഡിഎന്‍എ പരിശോധന പിതൃത്വം ഉറപ്പിക്കാന്‍ മാത്രം;രണ്ടാഴ്ചക്കുള്ളില്‍ ഫലം വരുമ്പോള്‍ കോടിയേരിയുടെ മകന്‍ പാര്‍ട്ടിയ്ക്ക് ബാധ്യതയാകുമോ ?

പീഡനക്കേസില്‍ ബിനോയ് കോടിയേരി ഡിഎന്‍എ ടെസ്റ്റിന് വിധേയമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സിപിഎമ്മാണ്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനെതിരേ മുമ്പ് ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം പുച്ഛിച്ചു തള്ളിയിരുന്ന സിപിഎമ്മിന് യാതൊരു ഇടപെടലും നടത്താനാകാത്ത വിധത്തിലായിരുന്നു ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതി മുബൈയില്‍ പരാതി നല്‍കിയത്. മുമ്പ് ബിനോയിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസ് പോലീസ് സഹായത്തോടെയാണ് അട്ടിമറിച്ചത്. എന്നാല്‍ ഇവിടെ പണിപാളി.

ബിനോയിക്കെതിരേ ഒന്നിനു പിറകെ ഒന്നായി യുവതി തെളിവുകള്‍ പുറത്തു വിട്ടതോടെ കോടിയേരി പുത്രന്‍ നിരായുധനായി. യുവതിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍. ഇതു കൂടി പരിഗണിച്ചാണ് അതിവേഗ ഡിഎന്‍എ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. ഇതോടെ എങ്ങനേയും ഡിഎന്‍എ പരിശോധന ഒഴിവാക്കാനുള്ള ശ്രമമാണ് പൊളിയുന്നത്. പരിശോധനാ ഫലം എതിരായാല്‍ ബിനോയിയുടെ വഴി വിട്ട ബന്ധങ്ങള്‍ക്ക് തെളിവാകുകയും ചെയ്യും. കോടിയേരി ആഭ്യന്തരമന്ത്രിയായപ്പോള്‍ ബിനോയ് ദുബായിലായിരുന്നു. അന്നത്തെ ബന്ധങ്ങളും ഇതോടെ വീണ്ടും ചര്‍ച്ചയാകും. അതുകൊണ്ട് എങ്ങനേയും കേസില്‍ ഡിഎന്‍എ പരിശോധന ഒഴിവാക്കാനായിരുന്നു ബിനോയിയുടെ ശ്രമം.

യുവതി ആവശ്യപ്പെട്ടതിന്‍ പ്രകാരം അഞ്ചുകോടി രൂപ നല്‍കി ഒത്തുതീര്‍പ്പ് കോടിയേരിയ്ക്കും മകനും സമ്മതമല്ലായിരുന്നു. പിന്നെ ബലാത്സംഗമില്ലെന്ന് വാദിച്ച് പരസ്പര സമ്മതത്തോടുള്ള ലൈംഗിക വേഴ്ചയാക്കാനായിരുന്നു ശ്രമം. എന്നാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് ലൈംഗിക വേഴ്ച നടത്തുന്നതും പീഡനമാണ്. കുട്ടിയുടെ പിതൃത്വ പരിശോധനയില്‍ ചതി തെളിഞ്ഞാല്‍ പെടുക ബിനോയ് കോടിയേരി മാത്രമാകും. ഡിഎന്‍എ പരിശോധനയ്ക്കായി നാളെ തന്നെ രക്ത സാമ്പിള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിക്കുമ്പോള്‍ അത് അനുസരിക്കേണ്ടിയും വരും.

രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാ ഫലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാര്‍ക്ക് നല്‍കണം. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ വിധിക്കെതിരെ ഇനി സുപ്രീംകോടതിയിലേ പോകാന്‍ കഴിയൂ. എന്നാല്‍ നാളെ രക്തം നല്‍കണമെന്ന് പറയുന്നതിനാല്‍ സ്റ്റേ കിട്ടും മുമ്പ് തന്നെ രക്തപരിശോധന തുടങ്ങും. ഇതാണ് കോടിയേരി കുടുംബത്തെ കൂടുതല്‍ വെട്ടിലാക്കുന്നത്.നേരത്തെ പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.

കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഡി എന്‍ എ പരിശോധനയ്ക്ക് രക്തം നല്‍കണമെന്നതായിരുന്നു ജാമ്യ വ്യവസ്ഥ. ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് മുംബൈ കോടതി വിധിയോടെ ഇല്ലാതാകുന്നത്. കുട്ടിയുടെ അച്ഛന്‍ താനല്ലെന്നാണ് ബിനോയ് പരസ്യമായി പറയുന്നത്. പിന്നെ ഡിഎന്‍എ പരിശോധനയെ എതിര്‍ക്കുന്നത് എന്തിനാണെന്ന ചോദ്യവും ചര്‍ച്ചയാകുന്നുണ്ട്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ രക്തസാമ്പിള്‍ നല്‍കി കുറ്റ വിമുക്തനായി കൂടേ എന്ന ചോദ്യമാണ് ബിനോയിയുടെ ഒളിച്ചു കളികള്‍ പ്രസക്തമാക്കുന്നത്. ഓഷ്വാര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയത്.കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന ആവശ്യമാണെന്നായിരുന്നു പൊലീസിന്റെ വാദം. ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനോയ് കോടിയേരി വിസമ്മതിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇനി ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവായാല്‍ കോടിയേരിയുടെ രാഷ്ട്രീയഭാവിയെത്തന്നെ അതു ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളാണുള്ളത്.

Related posts