എം. പ്രേംകുമാർ
തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തി നിൽക്കുന്പോൾ പിണറായി വിജയനൊപ്പമാണെന്നു തോന്നിപ്പിക്കുന്പോഴും പാർട്ടിയിൽ ഉഗ്രപ്രതാപിയായ വി.എസ്. അച്യുതാനന്ദനെ കൈവിടാത്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
വി.എസിനും പിണറായിക്കുമിടയിലുണ്ടായിരുന്ന വിഭാഗീയമായ അന്തരം മൂർച്ഛിക്കുന്പോഴെല്ലാം കോടിയേരിയുടെ നയപരമായ ഇടപെടലാണു വലിയൊരു പൊട്ടിത്തെറിയിൽ നിന്നു കേരളത്തിലെ പാർട്ടിയെ സംരക്ഷിച്ചു നിർത്തിയത്.
രണ്ടു പ്രമുഖ നേതാക്കൾ ഇരുചേരികളിലായി വിഘടിച്ചുനിന്നപ്പോഴെല്ലാം അനുനയത്തിന്റെ പതാകവാഹകനായി കോടിയേരി. ഏറ്റവുമൊടുവിൽ കേരളത്തിൽ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുന്നതിൽ നിർണായകമായ രാഷ്ട്രീയതീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അദ്ദേഹം വിജയിച്ചു.
അനുനയത്തിന്റെ വക്താവ്
സിപിഎം നേതാക്കളിൽ പൊതുവേ സൗമ്യനായി പെരുമാറുന്ന നേതാവായിരുന്നു കോടിയേരി. എന്നാൽ പാർട്ടി നയങ്ങളിലോ നിലപാടുകളിലോ ഈ സൗമ്യത അദ്ദേഹം കാണിക്കാറില്ല.
2006ൽ വി.എസ് സർക്കാരിൽ ആഭ്യന്തര,വിനോദസഞ്ചാര വകുപ്പുകളുടെ മന്ത്രിയായിരുന്ന കാലത്താണു കോടിയേരി കൂടുതൽ ജനശ്രദ്ധ നേടുന്ന നേതാവായി മാറുന്നത്. ഇക്കാലയളവിലാണു സിപിഎമ്മിലെ വിഭാഗീയത അതിന്റെ മൂർധന്യത്തിലെത്തുന്നതും.
മുഖ്യമന്ത്രി വി.എസും പാർട്ടി സെക്രട്ടറിയും രണ്ടുവഴിക്കായിരുന്നു. ഇരുവർക്കുമിടയിലുള്ള നയതന്ത്രത്തിന്റെ ഒരു പാലമായി മാറിയതു മന്ത്രിസഭയിൽ അംഗം കൂടിയായ കോടിയേരിയായിരുന്നു.
മന്ത്രിസഭായോഗത്തിനുശേഷം മാധ്യമങ്ങളെ കാണുന്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരേ പൊട്ടിത്തെറിക്കുന്ന വി.എസിനെ പലപ്പോഴും അനുനയിപ്പിച്ചു കൊണ്ടുപോയതു കോടിയേരി ആയിരുന്നു.
കോടിയേരി പറഞ്ഞാൽ വി.എസ് കേൾക്കുമെന്നുള്ളത് അക്കാലത്ത് പാർട്ടിക്കുള്ളിലും സംസാരമായിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട് എകെജി സെന്ററിൽനിന്നു വരുന്ന നിർദേശങ്ങൾ മുഖ്യമന്ത്രിയായിരുന്ന വിഎസിനെക്കൊണ്ടു നടപ്പിലാക്കുന്നതിലും കോടിയേരി വിജയിച്ചു.
അങ്ങനെ വിഎസിനെ ഒരു പരിധിവരെ പാർട്ടിക്കു വിധേയനാക്കി കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു.
സാധാരണയായി മുഖ്യമന്ത്രിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ആ വകുപ്പ് വി.എസിനെ ഏല്പിക്കാൻ പാർട്ടിക്കു മടിയായിരുന്നു.
പോലീസ് വകുപ്പ് മുഖ്യമന്ത്രിയിൽനിന്നും മാറ്റുന്നതിൽ വിഎസ് ഇടഞ്ഞു. വകുപ്പു കോടിയേരിക്കാണു നൽകുന്നതെന്നറിഞ്ഞപ്പോഴാണു വിഎസ് ശാന്തനായത്. വി.എസിന് അനിഷ്ടം വരുന്ന തീരുമാനങ്ങൾ പാർട്ടിയിൽ നിന്ന് ഉണ്ടാകുന്പോഴെല്ലാം അദ്ദേഹത്തെ നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തവും കോടിയേരിക്കായിരുന്നു.
സംസ്ഥാന സെക്രട്ടറിപദവിയിലേക്ക്
2015-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണു പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്.
വി.എസ് പക്ഷം പൂർണമായും പാർട്ടിയിൽ ദുർബലരായിത്തീർന്ന സമ്മേളനത്തിൽ നിന്നും വി.എസ് തന്നെ ഇറങ്ങിപ്പോയത് ഏറെ വിവാദമായിരുന്നു.
പിണറായി വിജയനിൽനിന്നും സെക്രട്ടറി സ്ഥാനം കോടിയേരിയിലെത്തുന്പോൾ ഒരു പക്ഷത്തെ വെട്ടിനിരത്തിയിട്ടാണെങ്കിലും പാർട്ടിയെ ഗ്രസിച്ചിരുന്ന വിഭാഗീയത ഏതാണ്ട് അവസാനിച്ചിരുന്നു.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു പാർട്ടി സെക്രട്ടറിയായതിനു ശേഷമുള്ള കോടിയേരിയുടെ ആദ്യ രാഷ്ട്രീയ വെല്ലുവിളി.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായി. മന്ത്രിമാരെ തീരുമാനിക്കുന്നതിൽ കോടിയേരിയുടെ തീരുമാനം കൂടി പിണറായിക്ക് അംഗീകരിക്കേണ്ടി വന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് മന്ത്രിയായതിലും ധനകാര്യ വകുപ്പ് അദ്ദേഹത്തിനു ലഭിച്ചതിനു പിന്നിലും കോടിയേരിയായിരുന്നു.
പൊതുവെ മികച്ച മന്ത്രിസഭയെന്ന ഖ്യാതിയും പാർട്ടിയിൽ ഉണ്ടായി. മന്ത്രി ജി. സുധാകരന്റെ നിലപാടുകളോട് ആ കാലത്തു കോടിയേരിക്കു വിയോജിക്കേണ്ടി വന്നതും പാർട്ടിയിൽ പാട്ടാണ്.
സുധാകരന്റെ കവിതയെഴുത്തും ആലപ്പുഴയിലെ പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളും കോടിയേരിയെ വല്ലാതെ വിഷമിപ്പിച്ചു. എന്നാൽ പിണറായി വിജയന്റെ അവസരോചിതമായ ഇടപെടലാണു കോടിയേരിയെ കടുത്ത സുധാകര വിരുദ്ധതയിൽ നിന്നു പിന്തിരിപ്പിച്ചത്.
പാർട്ടിക്കുള്ളിൽ തോമസ് ഐസക്കിനോടായിരുന്നു കോടിയേരിക്കു താത്പര്യം. ഇതാണു സുധാകരനെ അക്കാലങ്ങളിൽ കോടിയേരി വിരുദ്ധനാക്കിയത്.
രോഗത്തിനു മുന്നിലും പതറാതെ
പിന്നീട് 2018-ൽ തൃശൂരിൽ നടന്ന സമ്മേളനത്തിൽ കോടിയേരി വീണ്ടും പാർട്ടി സെക്രട്ടറിയായി. അർബുദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ നാളുകൾ.
എങ്കിലും അതിലൊന്നും കൂസാതെ അദ്ദേഹം പാർട്ടി സെക്രട്ടറിയുടെ ചുമതല ഭംഗിയായി നിർവഹിച്ചുകൊണ്ടിരുന്നു. എന്നാൽ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കേരളത്തിൽ തകർന്നടിഞ്ഞു. ആകെ ഒരു സീറ്റാണു ലഭിച്ചത്.
പിന്നീടു നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണി മികച്ച വിജയം നേടി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഈ ജയം കൊണ്ട് സിപിഎമ്മിനും കോടിയേരിക്കും മറികടക്കാനായി.
തുടർഭരണ നേട്ടത്തിനു പിന്നിലും
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണിക്കു തുടർഭരണവും ലഭിച്ചു. യുഡിഎഫിന്റെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്ഗ്രസ്-എം ഇടതുമുന്നണിയുടെ ഭാഗമായതിന്റെകൂടി വിജയമായിരുന്നു ഈ ചരിത്ര നേട്ടം.
അവരെ എൽഡിഎഫിന്റെ ഭാഗമാക്കുന്നതിനു പിന്നിലും കോടിയേരിയുടെ ശ്രമമുണ്ടായിരുന്നു. ഇക്കാര്യം പിന്നീടു ജോസ് കെ. മാണി തന്നെ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ച രണ്ടു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്.
പിന്നീടു ഭരണം കിട്ടിയപ്പോൾ മന്ത്രിമാരെ നിശ്ചയിക്കുന്നതിലും കോടിയേരിയുടെ തീരുമാനങ്ങളാണു ശ്രദ്ധിക്കപ്പെട്ടത്. ഒരു ആക്ഷേപവും കൂടാതെ സീറ്റു വിഭജനവും മന്ത്രി പദവികളും വകുപ്പുകളും വീതം വയ്ക്കുന്നതും കോടിയേരി ഭംഗിയായി നിർവഹിച്ചു.
തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ
ഈ വർഷം എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം കോടിയേരിയെ തന്നെ പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചു. രോഗവും കുടുംബത്തിലെ ചില പ്രശ്നങ്ങളും കാരണം പാർട്ടി സെക്രട്ടറിയുടെ ചുമതലയിൽ നിന്നും അദ്ദേഹത്തിനു മാറിനിൽക്കേണ്ടിവന്നിട്ടുണ്ട്.
അടുത്തിടെ രോഗം കോടിയേരിയെ വല്ലാതെ വിഷമിപ്പിച്ചിട്ടും എന്നിട്ടും പാർട്ടി ചുമതല അദ്ദേഹം നിർവഹിച്ചുകൊണ്ടേയിരുന്നു. രോഗാവസ്ഥ ഗുരുതരമായ തോടെയാണ് സെക്രട്ടറിസ്ഥാനം ഒഴിയാതെ നിർവാഹമില്ലെന്ന് അദ്ദേഹത്തിനു പറയേണ്ടിവന്നത്.
ഒടുവിൽ ചെന്നൈയിലെ ആശുപത്രിയിലേക്കു പോകുന്പോഴും താൻ തിരിച്ചുവരും എന്നായിരുന്നു കൂടെയുള്ള സഖാക്കളോടു കോടിയേരി പറഞ്ഞു പിരിഞ്ഞത്.