കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ ഇന്നു പുലർച്ചെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. എസ്യുവിയിൽ യാത്ര ചെയ്തിരുന്ന തേവലക്കര പടിഞ്ഞാറൻകര സ്വദേശി പ്രിൻസ് തോമസും (43) അഖിൽ (15), അൽക്ക (8) എന്നീ കുട്ടികളുമാണ് മരിച്ചതെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്തു പേർക്കു പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഥാർ പൂർണമായും തകർന്നു. ഥാർ എസ്യുവിയിൽ അഞ്ചു പേരായിരുന്നു യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ ഇവരിൽ ഐശ്വര്യയെ മരിയത്ത് ഹോസ്പിറ്റലിലും ബിന്ദ്യയെ പരബ്രഹ്മ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെഎസ്ആർടിസി ബസ് ചേർത്തലയിലേക്കു പോവുകയായിരുന്നു. എയർപോർട്ടിൽ പോയി മടങ്ങിവരുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എസ്യുവി ഥാർ എതിർദിശയിൽ കരുനാഗപ്പള്ളിയിലേക്കു വരികയായിരുന്നു.
രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നു എന്നാണ് ഓച്ചിറ പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ താർ പൂർണമായും തകർന്നു. കെഎസ്ആർടിസി ബസ് ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല. കെഎസ്ആർടിസി ബസിൽ കുറച്ച് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. റോഡുപണിയും നടക്കുകയാണ്. അപകടത്തിൽപ്പെട്ട ഥാർ എസ്്യുവി പോലീസ് പരിശോധിക്കുന്നു.