ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ സര്‍ജറി ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന വിഭാഗത്തില്‍ (സിഎസ്ആര്‍) വെള്ളക്കെട്ട്.
പുതിയ സര്‍ജറി ബ്ലോക്കിന്റെ എ വണ്‍ എന്ന കെട്ടിടത്തിലാണ് സിഎസ്ആര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ മുറിയുടെ മുകളിലത്തെ നിലയിലെ വാര്‍ഡുകളിലേക്കുള്ള വെള്ളം കടന്നുപോകുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം.
പൈപ്പ് പൊട്ടി വെള്ളം ചീറ്റിയതിന്റെ ശക്തിയില്‍ സിഎസ്ആര്‍ മുറിയുടെ സീലിംഗ് ഇളകി മാറി വെള്ളം താഴേക്ക് പതിക്കുകയായിരുന്നു. ആദ്യം വെള്ളം പതിച്ചപ്പോള്‍ ജീവനക്കാര്‍ ബക്കറ്റില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സീലിംഗ് ഇളകി തകര്‍ന്ന് നിയന്ത്രണാതീതമായി വെള്ളം വീണ് മുറിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
പഴയ സര്‍ജറി ബ്ലോക്കിലാണ് 10 മുതല്‍ 15 വരെയുള്ള വാര്‍ഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും സിഎസ്ആര്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്. 14-ാം വാര്‍ഡിന്റെ ശുചിമുറി തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിക്കാനിടയായതിനെത്തുടര്‍ന്ന് 10, 11, 14 എന്നീ വാര്‍ഡുകളും സിഎസ്ആര്‍ വിഭാഗവും പുതിയ സര്‍ജറി ബ്ലോക്കിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ തിയറ്റിന്റെ പ്രവര്‍ത്തനം പുതിയ ബ്ലോക്കില്‍ തുടങ്ങിയില്ല. അത്യാഹിത വിഭാഗം കെട്ടിടത്തിലെ തിയറ്ററിലാണ് നിലവില്‍ ശസ്ത്രക്രിയ നടക്കുന്നത്.