ഏറ്റുമാനൂര്‍: ട്രെയിനിനു മുന്നില്‍ച്ചാടി അമ്മയും രണ്ടു പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു.
കേസ് അന്വേഷണത്തിനായി ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് നോബിയെ അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവര്‍ ജീവനൊടുക്കിയ കേസിലെ പ്രതിയായ നോബിയെ മൂന്നു ദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും കേസന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു സഹകരിച്ചില്ലെന്നുമാണ് സൂചന.
നോബിയുടെയും ഷൈനിയുടെയും മൊബൈല്‍ ഫോണുകളുടെ വിദഗ്ദ്ധ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കേസന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.