കോഴഞ്ചേരി: വീട്ടുവഴക്കിനിടെ യുവതി കുത്തേറ്റു മരിച്ച കേസില്‍ ഭര്‍ത്താവിനായി അന്വേഷണം വിപുലപ്പെടുത്തി. സംഭവത്തിനിടെ പരിക്കേറ്റ ഭാര്യാപിതാവിന്റെ നില ഗുരുതരം. പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളാണ് (ശ്യാമ – 35) കുത്തേറ്റു മരിച്ചത്.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അജികുമാര്‍ ഒളിവിലാണ്. വീട്ടുവഴക്കിനിടെ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് അജികുമാര്‍ ശാരിമോളെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടസംപിടിക്കാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും മാരകമായ പരിക്കേറ്റു.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശാരിമോളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. മെഡിക്കല്‍ കോളജില്‍ കഴിയുന്ന ശശിയുടെ നില ഗുരുതരമായി തുടരുകയാണ്. രാധാമണിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാധാമണി സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണ് താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും മറ്റും കേട്ട് ഓടിയെത്തുകയായിരുന്നു ഇവര്‍. മരണപ്പെട്ട ശാരിമോള്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ്. സ്കൂള്‍ വിദ്യാര്‍ഥിനികളായ ആവണി, വേണി, ശ്രാവണി എന്നിവര്‍ മക്കളാണ്.
വെല്‍ഡറായി ജോലി ചെയ്യുന്ന അജി കുമാര്‍ (38) കവിയൂര്‍ സ്വദേശിയാണ്. ലഹരിക്കടിമയായ ഇയാളുമായി ബന്ധപ്പെട്ട് കോയിപ്രം സ്റ്റഷേനില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തേതുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി നാട്ടുകാരും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് അന്വേഷണച്ചുമതല ഏറ്റെടുത്തു. ഇന്നലെ അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകളെടുത്തു.
ഭര്‍ത്താവ് അജികുമാറില്‍ നിന്നും ശാരിമോള്‍ക്ക് മര്‍ദനമേല്‍ക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ മൂന്ന് കുഞ്ഞുങ്ങളും പ്രൈമറി, എല്‍കെജി ക്ലാസുകളില്‍ പഠിക്കുകയാണ്. കുട്ടികള്‍ പഠിക്കുന്ന എംടിഎല്‍പി സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായിരുന്നു മരിച്ച ശാരിമോള്‍.