കോഴിക്കോട്: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു കോണ്ഗ്രസിനുള്ളിലുയര്ന്നിരിക്കുന്ന വിവാദങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. ഇങ്ങനെ പോയാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ഈ വിഷയത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പരസ്യപ്രതികരണം നടത്തിയത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓർമിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി.എം.എ. സലാം നല്കിയ മുന്നറിയിപ്പ്.
കെപിസിസി അധ്യക്ഷ പദവിയില്‍നിന്നു മാറ്റപ്പെട്ട കെ. സുധാകരന്റെ അതൃപ്തിയും കെപിസിസി പുനഃസംഘടനയില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.
യുഡിഎഫിനെ ഭദ്രമാക്കാന്‍ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓര്‍ക്കണം. അത് ലീഗ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്.
അക്കാര്യം എല്ലാ പാര്‍ട്ടികളെയും ഓര്‍മിപ്പിക്കുകയാണ്. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.