കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫ് (44) ആണ് ബസിൽ കുഴഞ്ഞുവീണത്.
കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം. സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നുവെന്ന് ജയ്മോൻ പറഞ്ഞു. പ്രഷറിനും ഷുഗറിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിന് മുന്പിൽ സൂക്ഷിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് കാലിക്കുപ്പികൾ കണ്ടെത്തിയതോടെ മന്ത്രി ഗണേഷ്കുമാർ തന്നെ നേരിട്ട് ജയ്മോനടക്കം മൂന്നു പേർക്കെതിരേ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.
തുടർന്ന് ഉത്തരവാദികളായ മൂന്നുപേരെയും സ്ഥലംമാറ്റി ഉത്തരവായിരുന്നു.
പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവർ തന്നെ പറയുന്നു. വീണ്ടും സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്മോന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്മോനെ സ്ഥലംമാറ്റിയത്.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു.