ചേര്‍ത്തല: അപകടത്തില്‍പ്പെട്ടു റോഡരികില്‍ ചോരവാര്‍ന്നു കിടന്നയാള്‍ക്ക് രക്ഷയൊരുക്കി അതുവഴിവന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും. ഇവരുടെ സമയോചിതമായ ഇടപെടലില്‍ പരിക്കേറ്റയാള്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭിച്ച് അപകടനില തരണം ചെയ്തു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ കൊക്കോതമംഗലത്ത് കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനായ കോടതിക്കവല മാത്തൂര്‍ ക്ഷേത്രം ശാന്തി തണ്ണീര്‍മുക്കം ശ്യാം നികേതനില്‍ ശ്യാമി(50)നു പരിക്കേറ്റത്.
റോഡരുകിലെ ഓടയില്‍ വീണ ശ്യാമിനു കാലിനും തലയ് ക്കുമാണ് പരിക്കേറ്റത്. പിന്നാലെയാണ് വാഗമണ്ണില്‍നിന്നും ആലപ്പുഴയ്ക്കുപോകുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് ഇതുവഴിയെത്തിയത്.
പരിക്കേറ്റയാളെ കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഓടിയിറങ്ങി. ഇയാളെ താങ്ങിയെടുത്തു കണ്ടക്ടറും സഹായത്തിനെത്തി. യാത്രക്കാരും സഹായിച്ചതോടെ ശ്യാമിനെ ബസിന്റെ മുന്നിലെ വരിയിലുള്ള സീറ്റില്‍ കിടത്തി. പിന്നീട് ലൈറ്റുകളിട്ട് ആംബലന്സായാണ് ബസ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഉടന്‍തന്നെ അടിയന്തര ശുശ്രൂഷ നല്കി. പരിക്കു ഗുരുതരമായിതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ പൈന്‍വാലി സ്വദേശി കെ.ജെ. മാത്യുവും കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി എ. ബിനുവുമാണ് ജോലിക്കിടയിലും മനുഷ്യത്വം മുറകെ പിടിച്ചത്.
താലൂക്ക് ആശുപത്രിയിലെത്തിച്ച് ശ്യാമിന്റെ ബന്ധുക്കളുടെ നമ്പര്‍ തരപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബസിന്റെ മടക്കം.
യാത്രക്കാരും ആശുപത്രി അധികൃതരുമടക്കം ഇവരെ അഭിനന്ദിച്ചു. ഇതിനു മുമ്പും ഡ്രൈവര്‍ മാത്യു ജോലിക്കിടയില്‍ ജീവന് രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
രാവിലെ ക്ഷേത്രത്തിലേക്കു പോകുമ്പോഴായിരുന്നു കാറിടിച്ച് അപകടമുണ്ടായത്. ബസിനു പിന്നാലെ അപകടത്തില്‍പ്പെട്ട കാര്‍യാത്രികരും ആശുപത്രിയിലെത്തിയിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ശ്യാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണ വിഭാഗത്തിലാണ്.