കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസില്‍ എറണാകുളം സ്വദേശിയായ അഭിഭാഷകനടക്കം അഞ്ചു പേര് അറസ്റ്റില്‍.
കവര്‍ച്ച നടത്തിയ തൃശൂര്‍ നാട്ടിക സ്വദേശി വിഷ്ണു, എറണാകുളം സ്വദേശി അഡ്വ. നിഖില്‍ നരേന്ദ്രനാഥ്, പള്ളുരുത്തി സ്വദേശി ബുഷറ, ചേരാനല്ലൂര്‍ സ്വദേശി ആസിഫ് ഇക്ബാല്‍, വടുതല സ്വദേശി സജി എന്നിവരെയാണ് എറണാകുളം എസിപി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള മരട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കല്‍ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് രണ്ടു പേര് നിലവില്‍ മരട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
പിടിയിലാകാനുള്ള ആസൂത്രകന്‍ അടക്കം നാലു പേര്
മുഖം മൂടി ധരിച്ചെത്തിയ സംഘത്തിലെ ആസൂത്രകന്‍ ജോജി അടക്കം ഇനി നാലുപേരാണ് പിടിയിലാകാനുളളത്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിയെടുത്ത 80 ലക്ഷം രൂപയില്‍ 20 ലക്ഷം രൂപ മരട് പോലീസ് വലപ്പാട് നിന്ന് കണ്ടെടുത്തു. വലപ്പാട് സ്വദേശിയുടെ പക്കല്‍ നിന്ന് തോക്കും കണ്ടെടുത്തതായും സൂചനയുണ്ട്.
പ്രതികള്‍ രക്ഷപ്പെട്ട വാഹനം തൃശൂരില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തോക്ക് ചൂണ്ടിയും വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ നിന്നും 80 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം സംഘം കവര്‍ന്നത്.
80 ലക്ഷം നല്കിയാല് 1.10 കോടിയായി തിരികെ നല്‍കാമെന്ന സംഘത്തിന്റെ വാഗ്ദാനത്തിന് പിന്നാലെയായിരുന്നു ഇത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട കാറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിന്നാലെയാണ് തൃശൂരില്‍ നിന്നും സില്‍വര്‍ നിറത്തിലുള്ള റിട്സ് കാര്‍ മരട് പോലീസ് കസ്റ്റഡിയിലെടുത്തത്.