തിരുവനന്തപുരം: ഗുണ്ടാ സംഘത്തലവനിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മീഷണർ . ഡിസിപി നകുൽ ദേശ്മുഖിനെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്.
ഗുണ്ടാത്തലവൻ ഷാജഹാനെ 1.2 ഗ്രാം ഹാഷിഷ് ലഹരി മരുന്നുമായി ഷാഡോ പോലീസ് പിടികൂടി തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. രണ്ട് കാറുകളും പിടിച്ചെടുത്തിരുന്നു. എന്നാൽ തിരുവല്ലം എസ്ഐ. തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ അളവ് കുറച്ച് രേഖപ്പെടുത്തുകയും കാറിന്റെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിന് കമ്മീഷണർ ഉത്തരവിട്ടത്.