ചങ്ങനാശേരി: ഓണത്തിന് കാമ്പസുകളുള്പ്പെടെ ലക്ഷ്യംവച്ചെത്തിച്ച ലക്ഷങ്ങള്‍ വിലയുള്ള ബ്രൗണ്‍ ഷുഗറുമായി ബംഗാള്‍ സ്വദേശി ചങ്ങനാശേരി എക്സൈസ് പിടിയില്‍. ടോണി കര്‍മാക്കര്‍ (ടോണി ഭായി)എന്നയാളെയാണ് ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്.
പായിപ്പാടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ മയക്കുമരുന്നുമായി ടോണി എത്തിയിട്ടുണ്ടെന്നറിഞ്ഞ എക്സൈസ് സംഘം കഴിഞ്ഞദിവസം രാത്രി പതിനൊന്നരയ്ക്ക് ക്യാമ്പ് വളയുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതോടെ മയക്കുമരുന്ന് എറിഞ്ഞുകളഞ്ഞ് ക്യാമ്പിന്റെ മതില് ചാടി രക്ഷപ്പെട്ട ടോണിയെ എക്സൈസ് സംഘം ഇന്നലെ ഉച്ചയോടുകൂടി പായിപ്പാട്ടെ ബാറിനു സമീപത്തെ കുറ്റിക്കാട്ടില്നിന്നുമാണ് പിടികൂടിയത്.
പ്രതിയില്‍നിന്ന് അഞ്ചര ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം സ്പെഷൽ ബ്രൗണ്‍ ഷുഗര്‍ ആണ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.