ഉത്തര്‍പ്രദേശ്: ബാഗ്പത് ജില്ലയില്‍ കൊലക്കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന യുവാവ് ജാമ്യത്തിലിറങ്ങി നിയമം പഠിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചു. 12 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവ് തന്റെ നിരപരാധിത്വം തെളിയിച്ചത്.
അമിത്തിന് 18 വയസുള്ളപ്പോൾ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ 17 പ്രതികളില്‍ ഒരാളായിരുന്നു അമിത്. ജയിലില്‍ പോകുന്ന സമയം നിയമ വിദ്യാര്‍ഥിയായിരുന്നു യുവാവ്. അങ്ങനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമിത് ജാമ്യത്തില്‍ ഇറങ്ങുകയും നിയമം പഠിക്കുകയുമായിരുന്നു. എല്‍എല്‍ബിക്ക് ശേഷം എല്‍എല്‍എമ്മും പൂർത്തിയാക്കിയ അമിത് ബാര്‍ കൗണ്‍സില്‍ പരീക്ഷയിലും ഉന്നത വിജയം നേടി.
തന്റെ നിയമ പഠനത്തിനു ശേഷം അമിത് താൻ കുറ്റക്കാരനല്ലെന്നു തെളിയിക്കുകയായിരുന്നു. വിശദമായ തുടർ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ അമിത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു.
ചെയ്യാത്ത കുറ്റത്തിന് തന്നെപ്പോലെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ കേസുകള്‍ സൗജന്യമായി വാദിക്കുമെന്ന് അമിത് പറഞ്ഞു. താൻ നിരപരാധികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും അമിത് പറഞ്ഞു.