ന്യൂഡൽഹിഒരു കിലോമീറ്റർ ചുറ്റളവിൽ ലോവർ പ്രൈമറി (എൽപി) സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി (യുപി) സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേരള സർക്കാരിനോടു നിർദേശിച്ചു.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഭൂമിശാസ്ത്രപരവും സാന്പത്തികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെയും ജസ്റ്റീസ് ജോയ്മല്യ ബാഗ്ച്ചിയുടെയും ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
മൂന്നു കിലോമീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സംവിധാനങ്ങളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണമെന്നാണു കോടതി നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്നു മാസത്തിനുള്ളിൽ നയം തയാറാക്കാനും പരമോന്നത കോടതി കേരളത്തോട് ആവശ്യപ്പെട്ടു.
മലപ്പുറം മഞ്ചേരിയിലെ എളാന്പ്രയിൽ എൽപി സ്കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എളാന്പ്രയിലുള്ള വിദ്യാർഥികൾ മൂന്നും നാലും കിലോമീറ്റർ അപ്പുറമുള്ള സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചുകൊണ്ടിരുന്നത്.
“വ്യക്തിപരമായ ആവശ്യങ്ങൾ’ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും “വിദ്യാഭ്യാസപരമായ ആവശ്യം’ ഉയരുന്നതുവരെ സ്കൂൾ നിർമിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സർക്കാർ എളാന്പ്രയിലെ സ്കൂൾ ആവശ്യം നിരാകരിച്ചുകൊണ്ടിരുന്നത്.
എന്നാൽ, രാജ്യത്ത് നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സ്കൂൾ സ്ഥാപിക്കുന്നതിനെ എന്തിന് എതിർക്കണമെന്നും, നൂറു ശതമാനം സാക്ഷരത കരസ്ഥമാക്കിയത് വിദ്യാഭ്യാസത്തിൽ പണം ചെലവിട്ടതുകൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ച് ഹൈക്കോടതി വിധി ശരിവച്ചു.
സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള രണ്ടു ഘട്ട സമീപനമാണ് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചത്. ആദ്യഘട്ടത്തിൽ ലോവർ അല്ലെങ്കിൽ അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളും സംസ്ഥാനം തിരിച്ചറിയണം. രണ്ടാം ഘട്ടത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണം.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വിഭവപരിമിതി മുഖവിലയ്ക്കെടുത്തുകൊണ്ട് സ്വകാര്യ കെട്ടിടങ്ങൾ താത്കാലിക സ്കൂളുകളായി ഉപയോഗിക്കാൻ കോടതി അനുമതി നൽകി. എന്നാൽ ഇത് അനിശ്ചിതകാലത്തേക്ക് തുടരരുതെന്നും സ്ഥിരമായ സ്കൂളുകൾക്കായി ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
സ്കൂളുകൾ സ്ഥാപിക്കുന്നതിനു ലഭ്യമായ എല്ലാ സ്ഥലവിവരങ്ങളും സർക്കാരിനു നൽകണമെന്ന് കോടതി ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ ചില വ്യവസ്ഥകളോടെ ജീവകാരുണ്യ സ്ഥാപനങ്ങളെ ക്ഷണിക്കാമെന്നും കോടതി സർക്കാരിനോടു പറഞ്ഞു. എന്നാൽ, ഒരു സ്വകാര്യവ്യക്തിയെയും ഈ നിർദേശങ്ങളുടെ പ്രയോജനം നേടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
- സീനോ സാജു

