തലയോലപ്പറമ്പ്: നിർധന ഭൂരഹിതർക്കായി ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പദ്ധതി തൂണിലൊതുങ്ങി കാടുകയറി നശി ക്കുകയാണ്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിനു സമീപം ഇറിഗേഷൻ വകുപ്പിന്റെ 3.25 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണമാണ് തൂണുകൾ നിർമിച്ചതോടെ മുടങ്ങിയത്.
മൂന്ന് ഘട്ടമായി നിർമാണം പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഗുജറാത്തിലെ സ്വകാര്യ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തത്.
ആദ്യ ഘട്ടത്തിൽ മൂന്ന് നിലകളിലായി 36 കുടുംബങ്ങൾക്കു താമസിക്കുന്നതിനു സൗകര്യമൊരുക്കുന്നതിനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. കെട്ടിടത്തിനായി തൂണുകളുടെ കോൺക്രീറ്റിംഗ് നടത്തിയെങ്കിലും പിന്നീട് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി.
ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി നിർധന കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.