മുംബൈ: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദ ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള മഹാരാഷ്ട്ര എൻജിനീയർ പിടിയിൽ. പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ എൻജിനീയർ സുബൈർ ഹംഗാർഗേക്കറിനെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.
സുബൈറിന് അൽ ഖ്വയ്ദ തലവന്മാരുടെ അടുത്ത ബന്ധമുണ്ടെന്നും യുവാക്കളെ ഭീകരക്യാന്പിലേക്ക് റിക്രൂട്ട് ചെയ്യന്ന കണ്ണികളിലൊരാളാണെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മാസം മുതൽ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും മുംബൈയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്നു നിരവധി രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു കേസുമായി ഡൽഹിയിലെ സാദിഖ് നഗറിൽനിന്ന് അദ്നാൻ ഖാൻ എന്ന അബു മുഹാരിബ് (19), ഭോപ്പാലിൽ നിന്നുള്ള അബു മുഹമ്മദ് എന്ന അദ്നാൻ ഖാൻ (20) എന്നിവരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ സുബൈറിനെ എടിഎസ് പിടികൂടുന്നത്.പ്രത്യേക യുഎപിഎ കോടതി സുബൈറിനെ നവംബർ നാലുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

