കുഞ്ഞുങ്ങളെ നോക്കുന്നത് അച്ഛന്റേയും അമ്മയുടേയും കടമയാണെങ്കിലും മക്കൾ മിക്കപ്പോഴും അമ്മയാണ് കൂടുതൽ കെയർ ചെയ്യുന്നത്. രാത്രി ഉറക്കമളച്ച് ഇരിക്കലൊക്കെ അമ്മമാരുടെ കടമയാണെന്നാണ് ചില അച്ഛൻമാർ വിചാരിക്കുന്നത്. ഒന്നു കുളിച്ചിട്ട് വരട്ടെ കൊച്ചിനെ ഒന്ന് നോക്കെന്ന് പറഞ്ഞാൽ എസ്കേപ്പ് അടിക്കുന്ന അച്ഛൻമാരും ഉണ്ട്. എല്ലാവരും അങ്ങനെയല്ലെങ്കിലും ചില വിരുതൻമാർ മുങ്ങാറുണ്ട്. അതുപോലൊരു വിരുതനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇത് മനുഷ്യനല്ലന്ന് മാത്രം, ഇതൊരു സിംഹമാണ്. വരണ്ടുണങ്ങിയ പുല്ലുകൾക്കിടയിൽ സിംഹം വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സിംഹിണി വരുന്നത് കണ്ടത്. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം എന്തോ കണ്ട് ഭയന്ന പോലെ സിംഹം അവിടെ നിന്നും ഓടിപ്പോയി. പിന്നെയാണ് ആറ് സിംഹ കുഞ്ഞുങ്ങൾ സിംഹിണിക്ക് പിന്നാലെ വരുന്നത് കാണുന്നത്. ഇവരെ കണ്ടാണ് സിംഹം ചാടിപ്പോയത്.
ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. തന്റെ ഭാര്യ മക്കളെ നോക്കാൻ ഏൽപ്പിക്കാൻ വന്നതാണെന്ന് മനസിലായതോടെയാണ് സിംഹം അവിടെ നിന്ന് ചാടിപ്പോയതെന്നാണ് സോഷ്യൽ മീഡിയിയൽ കമന്റ്.