കോട്ടയം: കോല്‍ക്കത്ത സാഫ് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി നേടിയ മലയാളി സൂപ്പര്‍ ലോംഗ്ജംപ് താരം എം.സി. സെബാസ്റ്റ്യന്‍ (61) ഓര്‍മയായി. ആരോഗ്യപ്രശ്നങ്ങളാല്‍ റെയില്‍വേസില്‍നിന്ന് വിആര്‍എസ് എടുത്തിരുന്നു.
1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്ലറ്റിക്സില് കേരളത്തിന്റെ അഭിമാനതാരമായിരുന്നു മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായ സെബാസ്റ്റ്യന്‍.
1987ല്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ വെള്ളി നേടി. പി.വി. വില്‍സനായിരുന്നു സ്വര്‍ണം. ഗുണ്ടൂരിലെ മീറ്റില്‍ സെബാസ്റ്റ്യന്‍ സ്വര്‍ണം നേടിയപ്പോള്‍ വില്‍സണ്‍ വെള്ളിയില്‍. ഇവരുടെ പോരാട്ടത്തിനൊപ്പം ശ്യാംകുമാറും ചേര്‍ന്നപ്പോള്‍ ജംപിംഗ് പിറ്റില്‍ വീറുംവാശിയും.
കോല്‍ക്കത്ത സാഫ് ഗെയിംസില്‍ ശ്യാകുമാറിനായിരുന്നു സ്വര്‍ണം. സെബാസ്റ്റനു വെള്ളിയും. സ്പ്രിന്റിലും സെബാസ്റ്റ്യന്‍ മികവുകാട്ടിയിരുന്നു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സ്പ്രിന്റ് ചാമ്പ്യനായ മേരി തോമസാണ് ഭാര്യ.