തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മദ്യലഹരിയില്‍ യുവാവ് അനുജനെ വെട്ടിക്കൊലപ്പെടുത്തി. പെരുങ്ങുഴി കുഴിയം കോളനി വയല്‍ തിട്ട വീട്ടില്‍ രതീഷ് (31) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ചേട്ടന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
രതീഷിന്റെ സഹോദരിയുടെ വീട്ടില്‍ മദ്യലഹരിയില്‍ എത്തി ബഹളം ഉണ്ടാക്കുന്നതിനെ മഹേഷ് ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മഹേഷ് വെട്ടുകത്തി കൊണ്ട് രതീഷിന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രതീഷും മഹേഷും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് പതിവാണെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
ഇരുവരും അവിവാഹിതരാണ്. അതേ സമയം പെരുങ്ങുഴി കുഴിയം കോളനിയും പരിസര പ്രദേശങ്ങളും കേന്ദ്രമാക്കി ലഹരി മാഫിയ സംഘം വ്യാപകമായി മയക്കുമരുന്ന് ഉള്‍പ്പെടെ വില്‍പ്പന നടത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നു പ്രദേശവാസികള്‍ ആരോപിച്ചു. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.