നെടുംകണ്ടം: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. വാഹനം ഓടിച്ചിരുന്ന കടശിക്കടവ് മണി ഭവനിൽ രാജേഷ് (37) ആണ് പിടിയിലാത്.
എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊച്ചറ കടുക്കാസിറ്റിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കൊച്ചറ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു.
തുടർന്ന് വാഹനം പിന്തുടർന്ന് മൈലാടുംപാറയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികളിലായി വിവിധ ഇനത്തിൽപ്പെട്ട 36 ലിറ്റർ മദ്യം കണ്ടെത്തിയത്.
മദ്യം കടശിക്കടവിലും പരിസര പ്രദേശങ്ങളിലും ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അസീസ്, പ്രിവന്റീവ് ഓഫീസർ എം. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ്‍രാജ്, അരുണ്‍ മുരളീധരൻ ഡ്രൈവർ പി.സി. റെജി എന്നിവർ പങ്കെടുത്തു.