മൈലാഞ്ചിയില്‍ ആകര്‍ഷകവും വ്യത്യസ്തവുമായ രൂപകല്‍പ്പനകള്‍ നടത്തി ശ്രദ്ധേയരാവുകയാണ് മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇന്ഷാ ഫാത്തിമയും ചങ്ങനാശേരി എസ്ബി കോളജില്‍ മൈക്രോ ബയോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഖദീജാ ഹാറൂണും.
ഹൈസ്കൂള്‍ മുതല്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്തും ടീമംഗങ്ങള്‍ക്ക് മൈലാഞ്ചി അണിയിച്ചും കലാവിരുതിനു തുടക്കം കുറിച്ച ഇന്ഷാ ഫാത്തിമ അമ്മാവന്റെ മകള്‍ ഖദീജയുമായി ചേര്‍ന്ന് സഹപാഠികള്‍ക്കും വീട്ടുകാര്‍ക്കും സ്നേഹ സമ്മാനമായി നല്കിത്തുടങ്ങിയ മൈലാഞ്ചി ഡിസൈനിംഗ് ഇന്നിവര്‍ക്ക് പഠനത്തോടൊപ്പമുള്ള വരുമാന മാര്‍ഗം കൂടിയാണ്.
ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ കല്യാണപ്പെണ്ണിനു മൈലാഞ്ചി അണിയിച്ചതോടെയാണ് ഇവരുടെ ഡിസൈനിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ ഇവരെ തേട എത്തുന്നുണ്ട്. അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ ഇരുവരുടെയും ആത്മവിശ്വാസമേറി. ഇന്ത്യന്‍, അറബിക് ഡിസൈനുകൾ സമന്വയിപ്പിച്ചുള്ള ഡിസൈനുകള്ക്കാണു പ്രാധാന്യം.
ഇന്ന് പതിനായിരം രൂപ കടന്നിരിക്കുകയാണ് ഇവരുടെ പ്രതിഫലം. ഗുണനിലവാരമുള്ള ഉയര്‍ന്ന ബ്രാൻഡഡ് മൈലാഞ്ചി കോണുകളും അനുബന്ധ ലേപനങ്ങളും മറ്റും വിദേശത്തുനിന്ന് ഓണ്‍ലൈന്‍ വഴി എത്തിച്ച് ഉപയോഗിക്കേണ്ടി വന്നതോടെ ചെലവും വര്‍ധിച്ചു. നഴ്സിംഗ് ജോലിയാണ് സ്വപ്നമെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന മൈലാഞ്ചി ഡിസൈനിംഗും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ തന്നെയാണ് ഇന്‍ഷയുടെയും ഖദീജയുടെയും തീരുമാനം.
മാന്നാറിലെ മാധ്യമ പ്രവര്ത്തകന് ബഷീര്‍ പാലക്കീഴിലിന്റെയും സുരയ്യ ബഷീറിന്റെയും മകളാണ് ഇന്ഷാ ഫാത്തിമ. മുഹമ്മദ് ഇഹ്സാന്‍, ഹുസ്ന ഫാത്തിമ എന്നിവര്‍ സഹോദരങ്ങൾ. മാന്നാര്‍ പുളിക്കലാലുമ്മൂട്ടില് ഹാറൂണ്‍ മജീദിന്റെയും സാബിദ ഹാറൂണിന്റെയും മകളാണ് ഖദീജ ഹാറൂണ്‍. ഫാത്തിമ ഹാറൂണ്‍ സഹോദരിയാണ്.
- ഡൊമിനിക് ജോസഫ്