ചെറുതോണി: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപറിച്ചെടുത്ത് കടന്ന കേസിലെ പ്രതികളിൽ ഒരാളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. കരുണാപുരം കമ്പംമെട്ട് സ്വദേശി വെള്ളാറശേരിയിൽ അമൽ സജി (24) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയെ കിട്ടാനുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെൺമണിയിലാണ് സംഭവം ഉണ്ടായത്.പുല്ലുകെട്ടുമായി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വള്ളിയാംതടത്തിൽ ബേബിയുടെ ഭാര്യ സിമിലി ( 61 ) യുടെ നാലര പവൻ തൂക്കമുള്ള മാലയാണ് പ്രതികൾ പൊട്ടിച്ചുകടന്നത്.
കറുത്ത ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയുടെ അരികിൽ ബൈക്കു നിർത്തി. പിന്നിലിരുന്നയാൾ ബൈക്കിൽനിന്നിറങ്ങി വണ്ണപ്പുറത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചു സ്ഥലംവിട്ടു.
സിസി കാമറ ഫുട്ടേജ് വഴിനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ടു പേരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ്.
കടം വീട്ടാൻ രണ്ടുപേരും ചേർന്ന് ആസൂത്രണം ചെയ്തതാണ് മാലപറിക്കലെന്ന് പോലീസ് പറഞ്ഞു.