കൊച്ചി: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍. മലയാളികള്‍ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കിയതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് അറിയിച്ചു.
റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പ്പയില്‍ കുടുങ്ങാന്‍ കാരണം. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കൊച്ചി സ്വദേശികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ യാത്ര കല്പയില് വച്ച് തടസപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണു സംഘത്തിലുള്ളത്. കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റിവാലി സന്ദര്‍ശിക്കാന്‍ പോയത്.
തിരിച്ചുവരാനിരിക്കെ, ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഷിംലയിലേക്കുള്ള റോഡ് പൂര്‍വസ്ഥിതിയാലാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുള്ളത്.