കേരളത്തിൽ നിന്നു പോയ മരമടി മത്സരം തിരികെ കൊണ്ടുവരാൻ കേരള നിയമസഭയിൽ അവതരിപ്പിച്ച ബില്ല് പാസായി. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്നു നടത്തുന്നതിന് സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. മുടങ്ങിക്കിടന്ന അടൂർ ആനന്ദപ്പള്ളി മരമടി മത്സരവും നടത്താനാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൃഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കന്നുകാലി ഓട്ട മത്സരങ്ങൾ നടത്തിയിരുന്നു. കാളപൂട്ട്, കന്ന്പൂട്ട്, മരമടി, ഉഴവ്, പോത്തോട്ടം ഇങ്ങനെ വിവിധ പേരുകളിലാണ് ഇവ അറിയപ്പെട്ടിരുന്നത്. 1960 ലെ കേന്ദ്ര നിയമമായ ജന്തുക്കളോടുള്ള ക്രൂരത തടയൽ നിയമം ഭേദഗതി വരുത്താനുള്ളതാണ് ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കിയത്. കാർഷിക വൃത്തിയുടെ ഭാഗമായിട്ടുള്ള ഇത്തരം മത്സരങ്ങളിൽ മൃഗങ്ങളോടു ക്രൂരത ഇല്ലെന്നുറപ്പാക്കിയാണ് നിയമ നിർമാണം. കേന്ദ്രനിയമം കർശനമായതോടെ 12 വർഷമായി ആനന്ദപ്പള്ളിയിൽ മരമടി നടന്നിരുന്നില്ല.
ഓണത്തിന് വരവറിയിച്ച് എല്ലാവർഷവും ഓഗസ്റ്റ് 15 നായിരുന്നു മുന്പ് മരമടി മത്സരം നടന്നിരുന്നത്. 2009-ൽ തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ടിൽ മൃഗ പീഡനം ഉണ്ടെന്നു പറഞ്ഞാണ് കേന്ദ്ര സർക്കാർ ജെല്ലിക്കെട്ട് മത്സരം നിരോധിച്ചത്. ആനന്ദപ്പള്ളി മരമടി മത്സരവും ഇതോടെ നിലച്ചു. പിന്നീട് സംഘാടക സമിതി മത്സരം നടത്താൻ ഒട്ടേറെ തവണ സർക്കാർ തലത്തിൽ നിവേദനങ്ങൾ നൽകിയതിനേ തുടർന്ന് 2012-ൽ മത്സരം നടത്താൻ അനുവദിച്ചു. പക്ഷേ പിന്നീട് ഒരിക്കൽ പോലും ആനന്ദപ്പളളിയിൽ മരമടി മത്സരം നടന്നിട്ടില്ല.