തിരുവനന്തപുരം: രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ. തിരുവനന്തപുരം മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്.
ബുധനാഴ്ച വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്.
ഉടൻതന്നെ തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദിച്ചതായി കണ്ടെത്തിയത്
കൂടുതൽ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.