സ്വന്തം ലേഖകന്‍
കോഴിക്കോട്: സിപിഎം നേതാവ് ജിഷ്ണുവിനെ രണ്ടു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍.
തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്.
ക്രൂരമായി മര്‍ദിച്ചശേഷം വാള് കൈയില്‍ പിടിപ്പിച്ച് ഇതെല്ലാം ചെയ്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പറയിപ്പിച്ച് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയായിരുന്നു.
കേസെടുത്തു
സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. 29 പേര്‍ക്കെതിരേ ജാമ്യ മില്ലാവകുപ്പുപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
സിപിഎമ്മും ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ദ്രുതഗതിയിലാണ്.
അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം തത്കാലം വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
അധിക്ഷേപിച്ചത്…
രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.
ബാലുശേരിക്കടുത്ത് പാലൊളിമുക്കിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ മുപ്പതോളം പേർ വളഞ്ഞിട്ടാക്രമിച്ചത്.
എസ്ഡിപിഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി.
ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു.
മൊഴിയിൽ…
രണ്ടുമണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മർദിച്ചതെന്ന് ജിഷ്ണു മൊഴിനൽകിയിട്ടുണ്ട്.
യുവജന പ്രതിരോധം
അതേസമയം ജിഷ്ണുവിനെ എസ്ഡിപിഐ ലീഗ് സംഘം വളഞ്ഞിട്ടാക്രമിച്ച് സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.എസ്ഡിപിഐ ലീഗ് ഭീകരതയ്ക്കെതിരേ ഇന്ന് വൈകുന്നേരം അഞ്ചിന് ബാലുശേരിയിൽ യുവജന പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ പോലീസിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദവുമുണ്ട്.