കാരക്കാസ്: പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചതിനു പിന്നാലെ നോർവേയിലെ എംബസി അടച്ചുപൂട്ടാൻ വെനസ്വേല.
ഓസ്ലോയിലെ എംബസി നിർത്തലാക്കുന്നുവെന്ന് തിങ്കളാഴ്ചയാണ് രാജ്യം അറിയിച്ചത്. നൊബേൽ പുരസ്കാരത്തെക്കുറിച്ച് പരാമർശങ്ങളില്ലെങ്കിലും തങ്ങളുടെ വിദേശസേവനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
കാരണം കൂടാതെയുള്ള നടപടിയാണിതെന്ന് നോർവേയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് നോർവേ വിദേശകാര്യ വക്താവ് പറഞ്ഞു.
നോർവേ സർക്കാരിന്റെ നിയന്ത്രണത്തിലല്ല നൊബേൽ സമ്മാനമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഓസ്ട്രേലിയയിലെ എംബസിയും അടച്ചുപൂട്ടിയ വെനസ്വേല സിംബാബ്വെയിലും ബുർക്കിനോ ഫാസോയിലും പുതിയവ ആരംഭിച്ചു.
യുഎസ് സഖ്യകക്ഷികളായ രണ്ടു രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടിയ നടപടി യുഎസിനോടുള്ള വെല്ലുവിളിയായും വ്യാഖ്യാനിക്കപ്പെടുന്നു. വെനസ്വേലയിൽനിന്നു മയക്കുമരുന്നുമായി എത്തിയ നാല് ബോട്ടുകൾ യുഎസ് സൈന്യം നശിപ്പിച്ച സംഭവത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.