ന്യൂഡൽഹി: മരുന്നുകളിൽ ഉൾപ്പെടുത്തുന്ന ചേരുവകളുടെ എല്ലാ ബാച്ചുകളും പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിയമങ്ങൾ രാജ്യത്തെ പല മരുന്ന് നിർമാണ കന്പനികളും പാലിക്കുന്നില്ലെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തൽ.
കഫ് സിറപ്പ് കഴിച്ചു രാജ്യത്ത് 20ലധികം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ചില സംസ്ഥാനങ്ങളിലെ മരുന്ന് നിർമാണ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിലാണു രാജ്യത്തെ ഡ്രഗ്സ് നിയമങ്ങൾ ചില മരുന്ന് കന്പനികൾ പാലിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ രാജീവ് സിംഗ് രഘുവംശി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡ്രഗ് കണ്ട്രോളർമാർക്ക് അയച്ച നോട്ടീസിലാണ് ചില ഫാക്ടറികളിലെ പരിശോധനകളിൽ ഗുരുതരമായ വീഴ്ചകളുള്ളതായി കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഡ്രഗ് കണ്ട്രോളർമാരെല്ലാവരും മരുന്ന് ബാച്ചുകളുടെ നിർമാണത്തിനും മാർക്കറ്റിൽ റിലീസ് ചെയ്യുന്നതിനുമുന്പും പരിശോധന ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡ്രഗ്സ് കണ്ട്രോളർ ജനറൽ അറിയിച്ചിട്ടുണ്ട്.
പരിശോധന നടത്തിയിട്ടുള്ളത് ഏതൊക്കെ കന്പനികളിലാണെന്നും എത്ര നിർമാണയൂണിറ്റുകളിലുമാണെന്നും കഴിഞ്ഞ ഏഴിന് സർക്കാർ വെബ്സൈറ്റിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദേശത്തിൽ വ്യക്തമാക്കുന്നില്ലെങ്കിലും മുന്പ് നിലവാരം കുറഞ്ഞ മരുന്നുകൾ കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മരുന്നുകൾക്ക് ഉപയോഗിക്കുന്ന എല്ലാ ചേരുവകളുടെയും അന്തിമ മരുന്ന് ഉത്പന്നത്തിന്റെയും ഗുണനിലവാര പരിശോധന കർശനമായി പാലിക്കണമെന്നതാണു നിയമം. എന്നാൽ എല്ലാ ബാച്ചുകളും പരിശോധനയ്ക്കു വിധേയമാക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ കണ്ടെത്തൽ രാജ്യത്തെ മരുന്ന് നിർമാണ വ്യവസായത്തെ സംശയത്തിന്റെ മുനയിലാക്കുകയാണ്.
ഇന്ത്യൻ നിർമിത കഫ് സിറപ്പുകളിൽ കണ്ടെത്തിയ എത്തിലീൻ അല്ലെങ്കിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ടോക്സിനുകൾ 2022 മുതൽ ഗാംബിയ, ഉസ്ബെക്കിസ്ഥാൻ, കാമറൂണ് എന്നീ രാജ്യങ്ങളിലെയും 2019ൽ ഇന്ത്യയിലെയും കുട്ടികളുടെ മരണത്തിനിടയാക്കിയിരുന്നു.