ബുവാനോസ് ആരീസ്: കളിക്കളം വിട്ട് രാഷ്ട്രീയ യുദ്ധമായ ലയണല്‍ മെസിയുടെ കേരള സന്ദര്‍ശന വിവാദത്തില്‍, കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രതിനിധി രംഗത്ത്. അര്‍ജന്റൈൻ ഫുട്ബോള്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന വെളിപ്പെടുത്തലുമായി എഎഫ്എ കൊമേഷല് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സ് രംഗത്തെത്തി.
2022 ഫിഫ ഖത്തല്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേരള കായികമന്ത്രി വി. അബ്ദുറഹ്മാന് കൂടിക്കാഴ്ച നടത്തിയത് പീറ്റേഴ്സനുമായാണ്. ഒക്ടോബറില്‍ കേരളം സന്ദര്‍ശിക്കാന്‍ അര്‍ജന്റൈന്‍ അസോസിയേഷന് അനുമതി നല്‍കിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പീറ്റേഴ്സന് തള്ളി. ഇതുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സന്റെ ആരോപണം. അതേസമയം, കരാര്‍ ലംഘനം ഏതു തരത്തിലുള്ളതെന്നു വിശദമാക്കാന്‍ പീറ്റേഴ്സന് തയാറായില്ല.
ഈ വര്‍ഷം ഒക്ടോബറില്‍ ടീം കേരളത്തിലെത്തുമെന്നായിരുന്നു രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പായി കായികമന്ത്രി നടത്തിയ വെളിപ്പെടുത്തല്‍. ഡിസംബറില്‍ മെസി ഇന്ത്യ സന്ദര്‍ശിക്കുമെന്നും കോല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുമെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനു പിന്നാലെ, ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അര്‍ജന്റൈൻ ഫുടബോള്‍ അസോസിയേഷന് പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോണ്‍സറുടെ നിലപാടെന്നും മവി. അബ്ദുറഹ്മാന് വ്യക്തമാക്കി. ഇതോടെയാണ് കേരളത്തില്‍ മെസി രാഷ്ട്രീയവിഷയമായി ഉയര്‍ന്നത്.
സര്‍ക്കാര്‍ ചെലവ് 13 ലക്ഷം
മെസിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, മെസിയെ ക്ഷണിക്കുന്നതിനു വേണ്ടി മന്ത്രിയും സംഘവും സ്പെയിനിലെ മാഡ്രിഡിലേക്കു പോയതിന് 13,04,434 രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവാക്കി എന്നതാണ് യാഥാര്‍ഥ്യം.