കൊച്ചി: നഷ്ടത്തിലാകുമെന്നു കരുതിയ കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും പ്രവര്‍ത്തനലാഭത്തില്‍. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 33.34 കോടിയുടെ പ്രവര്ത്തനലാഭമാണു റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.4 കോടിയുടെ വര്‍ധന. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളുടെ വിജയമാണിതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
2017-18 ല്‍ 24.19 കോടിയുടെ പ്രവര്ത്തനനഷ്ടത്തിലാണു കൊച്ചി മെട്രോയുടെ ആദ്യവര്‍ഷം കടന്നുപോയത്. 2018-19 ല്‍ നഷ്ടം 5.70 കോടിയായി കുറയ്ക്കാനായി. 2019-20 ല്‍ വീണ്ടും 13.92 കോടിയായും 2020-21 ല്‍ 56.56 കോടിയായും നഷ്ടം വര്‍ധിച്ചു. എന്നാല്‍ 2021-22 ല്‍ നഷ്ടം 34.94 കോടിയായി കുറയ്ക്കാനായി.
തുടര്‍ന്നുള്ള വര്‍ഷം മെട്രോയ്ക്ക് സുവര്‍ണകാലമായിരുന്നു. 2022-23 ല്‍ നഷ്ടത്തില്‍നിന്നു ലാഭത്തിലേക്ക് മാറി. 5.35 കോടിയാണ് ആ വര്‍ഷം മിച്ചം വയ്ക്കാനായത്. 2023-24ല്‍ 22.94 കോടി പ്രവര്ത്തനലാഭത്തോടെ വരുമാനം മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 45 ശതമാനം വരുമാനനേട്ടത്തോടെ 33.34 കോടി പ്രവര്‍ത്തനലാഭം നേടി.
2024-25 സാമ്പത്തികവര്‍ഷത്തില്‍ 182.37 കോടിയാണു കൊച്ചി മെട്രോയുടെ ആകെ പ്രവര്‍ത്തനവരുമാനം. ഇതില്‍ 111.88 കോടി ടിക്കറ്റ് വരുമാനത്തില്‍നിന്നും 55.41 കോടി ടിക്കറ്റ് ഇതര വരുമാനത്തില്‍നിന്നുമാണ്. കൂടാതെ, കണ്‍സള്‍ട്ടന്‍സി സേവനങ്ങളില്നിന്നായി 1.56 കോടിയും മറ്റു വരുമാനങ്ങളില്നിന്നായി 13.52 കോടിയും നേടി.
149.03 കോടിയാണ് 2024-25 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ്. വായ്പാ തിരിച്ചടവ്, ഗതാഗത ഇതര ചെലവുകള്‍ എന്നിവ ഒഴിവാക്കിയശേഷമാണു പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രവര്‍ത്തനലാഭം നിലനിര്‍ത്തുക മാത്രമല്ല, അതു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് കൊച്ചി മെട്രോയുടെ കാര്യക്ഷമതയെയും നൈസര്ഗികതയെയുമാണ് കാണിക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
പ്രവര്ത്തനപ്രകടനം മെച്ചപ്പെടുത്തുന്നതോടൊപ്പം മികച്ച യാത്രാനുഭവം നല്‍കാനും കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയുണ്ട്.
കൊച്ചിക്ക് അഭിമാനിക്കാന്‍ കഴിയുന്നവിധം കൊച്ചി മെട്രോയെ സാമ്പത്തിക സുസ്ഥിരതയില്‍ എത്തിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.