ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്.
ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന് നായര്‍, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.
ഇതിനിടെ, ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. 288 മീഡിയം റെജിമെന്റിലെ സൈനികനായ കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു.