കൊച്ചി: ട്രെയിനില്‍ വാതില്‍പ്പടിയില്‍ ഇരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ കൂട്ടുപ്രതികളെ കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഘത്തിലെ മൂന്നു പേരാണ് സംഭവത്തിനു ശേഷം ഒളിവില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് കവര്‍ച്ചാ സംഘത്തിലെ പ്രധാനിയായ അമ്പലമുകള്‍ അമൃത കോളനിയില്‍ അരുണ്‍ (32), കളവു മുതല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊളിച്ചു വില്ക്കാന് ശ്രമിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഫോണ്‍ പോ എന്ന മൊബൈല്‍ കട നടത്തുന്ന തോപ്പുംപടി സ്വദേശി സലാഹുദിനെയുമാണ് (35) എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അരുണിന് എറണാകുളം, തൃശൂര്‍ ജില്ലകളിലായി കവര്‍ച്ച, മോഷണം ഉള്‍പ്പെടെ ഏഴു കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ 19 ന് രാത്രി എട്ടിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട എറണാകുളം ഓഖാ ട്രെയിനിന്റെ മുന്‍വശം ജനറല്‍ കോച്ചില്‍ വാതില്‍പ്പടിയില്‍ ഇരുന്നു സഞ്ചരിച്ച തിരൂര്‍ സ്വദേശിയുടെ 80,000 രൂപ വില വരുന്ന ഐ ഫോണാണ് നാലംഗ സംഘം കവര്‍ന്നത്. സലാഹുദീന്‍ ഇത് മോഷണ മുതല്‍ ആണെന്നറിഞ്ഞുകൊണ്ട് കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊളിച്ചു വില്ക്കാന് ശ്രമിക്കുകയായിരുന്നു.
ട്രെയിന്‍ പുല്ലേപ്പടി ഓവര്‍ ബ്രിഡ്ജിന്റെ താഴെയെത്തി വേഗത കുറച്ച സമയത്തായിരുന്നു സംഘം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്.എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ എ. നിസാറുദീന്‍, ഇ. കെ. അനില്‍കുമാര്‍, എസ്സിപിഒമാരായ കെ.വി. ദിനില്‍, സഹേഷ്, തോമസ്, എ.പി.അനീഷ് കുമാര്‍, അഖില്‍ തോമസ്, അലക്സ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.