ടോക്കിയോ: യുഎസുമായുള്ള തീരുവസംഘർഷത്തിനിടയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി യോഗങ്ങളാണു നടക്കുന്നത്.
പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനായി ജപ്പാൻ 68 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജപ്പാൻ ആസ്ഥാനമായുള്ള മാധ്യമം നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, പരിസ്ഥിതി, വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെയുള്ള മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“നമ്മുടെ സഹകരണത്തിനു പുതിയ ചിറകുകൾ നൽകാനും സാമ്പത്തിക, നിക്ഷേപബന്ധങ്ങളുടെ വ്യാപ്തി വികസിപ്പിക്കാനും, എഐ, സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും ശ്രമിക്കും…’ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനും ഇന്തോ-പസഫിക് രാജ്യങ്ങൾക്ക് ധനസഹായത്തിനും സാമ്പത്തിക വികസനത്തിനുമായി രൂപീകരിച്ച തന്ത്രപ്രധാന ഗ്രൂപ്പായ ക്വാഡ് – അജണ്ടയിലെ പ്രധാന വിഷയമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ക്വാഡ് രാജ്യങ്ങൾക്കുള്ളിലെ ബന്ധം വഷളായിരുന്നു.
മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി, ജപ്പാന്റെ വ്യാപാര ചർച്ച ഇടനിലക്കാരനായ റയോസി അകസാവ ഇന്നു നടത്താനിരുന്ന യുഎസ് സന്ദർശനം അവസാന നിമിഷം റദ്ദാക്കി. ടോക്കിയോയിലെ ഇലക്ട്രോൺ ഫാക്ടറിയും ബുള്ളറ്റ് ട്രെയിൻ കോച്ചുകൾ നിർമിക്കുന്ന സെൻഡായിയിലെ തോഹോകു ഷിങ്കൻസെൻ പ്ലാന്റും പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ടോക്കിയോയുടെ പങ്കാളിത്തവും ചർച്ചയാകും. ഇന്ത്യ-ജപ്പാൻ പ്രതിരോധ സഹകരണം കൂടുതൽ വർധിപ്പിക്കും. ഇന്ത്യൻ നാവികസേനയും ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സും കപ്പൽ അറ്റകുറ്റപ്പണികളിൽ സഹകരണം തേടുന്നുണ്ട്.
2018-ലാണ് മോദി അവസാനമായി ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തത്. 2014ൽ അധികാരമേറ്റ ശേഷം മോദിയുടെ എട്ടാമത്തെ ജപ്പാൻ സന്ദർശനമാണിത്. ജപ്പാൻ സന്ദർശനത്തിന് ശേഷം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ക്ഷണപ്രകാരം ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ചൈനയിലേക്ക് പോകും.