തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തു വ്യാപക നാശനഷ്ടം. മരം പിഴുതുവീണ് അടക്കം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി 607 വീടുകളാണു തകർന്നത്. 21 വീടുകൾ പൂർണമായും 586 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസംകൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ പ്രവചനം.
കാലവർഷക്കെടുതിയെത്തുടർന്ന് നാലു ജീവനുകൾകൂടി കഴിഞ്ഞ ദിവസം നഷ്ടമായി. കോഴിക്കോട്ട് രണ്ടു പേരും ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണു മരിച്ചത്. ഒരാളെ കാണാതായി. 22 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും ചുഴലിക്കാറ്റുമാണുണ്ടായത്. ചുഴലിക്കാറ്റിനെത്തുടർന്നാണ് വൻതോതിൽ നാശനഷ്ടമുണ്ടായത്. ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയതിനെ ത്തുടർന്ന് ഗതാഗത തടസവുമുണ്ടായി. ട്രെയിൻ ഗതാഗതത്തെയും കാലവർഷക്കെടുതി ബാധിച്ചു. ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സർവീസ് റോഡുകളിലും വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി. ദേശീയപാതയ്ക്കായി മണ്ണിട്ട് ഉയർത്തി നിർമിക്കുന്ന ഭാഗങ്ങളിൽനിന്നു വെള്ളം കുത്തനെ സർവീസ് റോഡുകളിലേക്ക് ഒഴുകുന്നതാണ് വാഹനയാത്രക്കാരെ ഗുരുതരമായി വലയ്ക്കുന്നത്.
ഇതോടെ നിർമാണ പ്രവർത്തനം നടക്കുന്ന ദേശീയപാത വഴിയുള്ള ഗതാഗതം ഏറെ പ്രതിസന്ധിയിലായി. 358 വില്ലേജുകളെ മഴക്കെടുതി ബാധിച്ചതായാണ് റവന്യു വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോടികളുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
തലസ്ഥാന നഗരത്തിൽ അടക്കം ഉച്ചയ്ക്കു ശേഷം കാലവർഷത്തിന്റെ ശക്തി കുറഞ്ഞിരുന്നു. വലിയതോതിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്നു വെള്ളം ഇറങ്ങാനും തുടങ്ങി. സംസ്ഥാനത്താകെ 57 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 71 കുടുംബങ്ങളെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു.
സ്വന്തം ലേഖകൻ