കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഇനി മുതല്‍ കൂടുതല്‍ സൈബര്‍ സുരക്ഷിതമാകും. സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (സോക്) കൂടുതല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
നിലവില്‍ സംസ്ഥാന പോലീസ് ആസ്ഥാനം, ഉത്തര ദക്ഷിണ മേഖലാ ഐജിപി കാര്യാലയങ്ങള്‍, റേഞ്ച് ഡിഐജി മാരുടെ കാര്യാലയങ്ങള്‍, 20 പോലീസ് ജില്ലകളിലെയും ജില്ലാ പോലീസ് മേധാവിമാരുടെ കാര്യാലയങ്ങള്‍, തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ കംപ്യൂട്ടറുകളുമാണ് സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്ററിന്റെ പരിധിയിലുള്ളത്. ഇത്തരത്തില്‍ ഏകദേശം 3,500 ഓളം കംപ്യൂട്ടറുകളാണ് സംവിധാനവുമായി ബന്ധിപ്പിച്ച് സുരക്ഷിതമാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 2025 മാര്‍ച്ച് ഒന്നിനാണ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (സോക്) സ്ഥാപിച്ചത്. സംസ്ഥാന വ്യാപകമായി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ സൈബര്‍ ഭീഷണികളെ കണ്ടെത്താനും പ്രതിരോധിക്കാനുമായി നിര്‍മ്മിതബുദ്ധി (എഐ) അടിസ്ഥാനത്തിലുള്ള ഒരു സുരക്ഷ പ്ലാറ്റ് ഫോമാണ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍.
ലോഗുകള്‍ നിരീക്ഷിക്കുകയും സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തുകയും അതില്‍ നിര്‍മിതബുദ്ധി സംയോജിപ്പിച്ച് അലര്‍ട്ടുകള്‍ നല്കുന്നതുമാണ് ഈ സംവിധാനം. കേരള പോലീസും കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സു (സി ഡോട്ട്)മായി ചേര്‍ന്നാണ് സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിച്ചത്. അതിനായി കേരള പോലീസിന്റെ നെറ്റ് വര്‍ക്കും വിവര സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി സി ഡോട്ട് വികസിപ്പിച്ച ഒരു സമഗ്ര സൈബര്‍ സുരക്ഷാ സൊല്യൂഷനായ ത്രിനേത്ര സോഫ്റ്റ് വെയര്‍ ആണ് ഉപയോഗിക്കുന്നത്.
വിപുലമായ ദിവസം മുഴുവന്‍ നീളുന്ന നിരീക്ഷണം, സുരക്ഷാ പിഴവുകള്‍ കണ്ടെത്തല്‍, പരിഹാര നടപടികള്‍ എന്നിവയിലൂടെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും സംരക്ഷിക്കുകയാണ് സോക്കിന്റെ പ്രവര്‍ത്തനം.പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ഉള്‍പ്പടെ പോലീസ് വകുപ്പിലെ എല്ലാ കംപ്യൂട്ടറുകളെയും സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഭാഗമാക്കി സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്.
- സീമ മോഹന്‍ലാല്‍

