ന്യൂഡൽഹി: കവർച്ച ചെയ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധുവാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡൽഹി പോലീസ്. മോദിയുടെ സഹോദരപുത്രി ദമ യന്തി ബെൻ പട്ടേൽ നൽകിയ പരാതിയിൽ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് പരാമർശിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വിഐപി കുടുംബത്തിൽ പെട്ടയാളാണെന്ന് പരാതിയിൽ പറഞ്ഞിരുന്നില്ല. സാധാരണ പരാതിയുമായാണ് അവർ തങ്ങളെ സമീപിച്ചത്. തങ്ങൾ കേസെടുക്കുകയും പ്രഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു- ഡൽഹി നോർത്ത് ഡിസിപി മോണിക ഭരദ്വാജ് പറഞ്ഞു.മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ മകളാണ് ദമയന്തി ബെൻ പട്ടേൽ. ഇവരുടെ പരാതിയിൽ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസ് കവർച്ചക്കാരിൽനിന്ന് 56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും രേഖകളും കണ്ടെടുത്തു. കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
അമൃത്സറിൽ നിന്ന് ശനിയാഴ്ച രാവിലെ 7.00 ന് ആണ് ദമയന്തി ഡൽഹിയിൽ എത്തിയത്. ഡൽഹി സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവനു മുന്നിൽവച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും പണവും കവർന്നു. ഓട്ടോറിക്ഷയിൽ ഭവന്റെ ഗേറ്റിലേക്കെത്തിയ നേരത്താണ് ബൈക്കി ലെത്തിയ മോഷ്ടാക്കൾ ഇവരുടെ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്.
ബാഗിൽ 56,000 രൂപയും രണ്ടു മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. വൈകുന്നേരം ഡൽഹിയിൽനിന്നു മടങ്ങാനുള്ള വിമാന ടിക്കറ്റിന്റെ രേഖകളും ബാഗിലായിരുന്നു. പ്രതികളിൽനിന്നും പോലീസ് യാത്രാ രേഖകൾ വീണ്ടെടുത്ത് ദമയന്തിക്ക് നൽകി. വൈകുന്നേരത്തോടെ ഇവർ അഹമ്മദാബാദിന് വിമാനം കയറി.
