ബ്യൂണസ് ഐറിസ്: അംഗോളയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്കലോനി പ്രഖ്യാപിച്ച 24 അംഗ ടീമിനെ സൂപ്പർ താരം ലയണൽ മെസി നയിക്കും. ടീമിൽ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉൾപ്പെടുന്നു. നവംബറിലെ ഫിഫ വിൻഡോയിൽ അർജന്റീനയുടെ ഏക സൗഹൃദ മത്സരമാണ് അംഗോളയിൽ നടക്കുന്നത്. നവംബർ 14ന് ലുവാൻഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീമിൽ, ജിയാൻലൂക്ക പ്രെസ്റ്റിയാനി, ജോക്വിൻ പാനിച്ചെല്ലി, മാക്സിമോ പെറോണ് എന്നീ പുതുമുഖങ്ങളാണ് ഇടംപിടച്ചത്. അതേസമയം പരിക്കേറ്റ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സ്ക്വാഡിലില്ല. 2026 ഫിഫ ലോകകപ്പിന് മുന്പായി ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള സ്കലോനിയുടെ അവസാന അവസരങ്ങളിലൊന്നാണ് ഈ മത്സരം.
അർജന്റീന ടീം:
ഗോൾകീപ്പർമാർ: ജെറോനിമോ റൂളി, വാൾട്ടർ ബെനിറ്റസ്.
പ്രതിരോധനിര: നഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ക്രിസ്റ്റിയന് റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് സെനേസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റീൻ ബാർക്കോ.
മധ്യനിര: അലക്സിസ് മാക് അലിസ്റ്റർ, മാക്സിമോ പെറോണ്, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് പാസ്.
മുന്നേറ്റനിര: ലയണൽ മെസി, ജൂലിയാനോ സിമിയോണി, ജിയാൻലൂക്ക പ്രെസ്റ്റിയാനി, നിക്കോളാസ് ഗോണ്സാലസ്, ലൗട്ടാരോ മാർട്ടിനെസ്, ഹോസെ മാനുവൽ ലോപ്പസ്, ജൂലിയൻ അൽവാരസ്, ജോക്വിൻ പാനിച്ചെല്ലി.
നേരത്തേ മെസിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരത്തിനെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്റ്റേഡിയമടക്കമുള്ള കാര്യങ്ങളിൽ ഫിഫ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വരവ് വൈകുമെന്നും അടുത്ത വിൻഡോയായ മാർച്ചിലെത്തുമെന്നുമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

